| Monday, 4th December 2017, 2:38 pm

വായു നല്ലതല്ലെങ്കില്‍ ക്രിക്കറ്റ് സംഘടിപ്പിക്കരുതായിരുന്നു;ദല്‍ഹി സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍

എഡിറ്റര്‍

ന്യൂദല്‍ഹി: ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് ടെസ്റ്റ് അരങ്ങേറുന്ന തലസ്ഥാനത്തെ അസഹ്യമായ അന്തീക്ഷ മലിനീകരണം തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതിന് ദല്‍ഹി സര്‍ക്കാറിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കടുത്ത വിമര്‍ശനം.

മലിനീകരണം തടയുന്നതിനാവശ്യമായ പദ്ധതികളുടെ കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഹരിത ട്രൈബ്യൂണല്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് സ്വതന്ദ്രര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ആക്ഷേപമുന്നയിച്ചത്.

തലസ്ഥാനത്തെ വായുമലിനീകരണം ഗുരുതരമായ ഘട്ടത്തില്‍ എത്തി നിന്നിട്ടും ഇത് പരിഹരിക്കുന്നതിനായി ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും നിസ്സംഗമായ സമീപനമാണ് തുടരുന്നതെന്ന് ബെഞ്ച് കുറ്റപ്പെടുത്തി.


Dont Miss സൂററ്റില്‍ തെരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തിവയ്ക്കാന്‍ വ്യവസായി 5 കോടി രൂപ വാഗ്ദാനം ചെയ്തതായി ഹാര്‍ദിക് പട്ടേല്‍


വായുമലിനീകരണത്തിന്റെ തോത് ഈയാഴ്ച വര്‍ധിച്ചതായി പത്രങ്ങളെല്ലാം തന്നെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. എന്നിട്ടും ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും ഒരു നടപടിയുമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച് അടുത്ത 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവിട്ടു.

വായുമലിനീകരണത്തിനിടയിലാണ് ഇരു ടീമുകള്‍ക്കും ടെസ്റ്റ് തുടരേണ്ടി വന്നത്. അതുകൊണ്ടുതന്നെ മാസ്‌ക് ധരിച്ചുകൊണ്ടാണ് ശ്രീലങ്കന്‍ ടീമംഗങ്ങള്‍ മല്‍സരത്തിനിറങ്ങുന്നത്. അപകടകരമായഈ അവസ്ഥ ടീമംഗങ്ങളില്‍ പലര്‍ക്കും ഛര്‍ദ്ദില്‍ വരാനിടയാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

വായു മലിനീകരണത്തിന്റെ തോത് 18 മടങ്ങാണിപ്പോള്‍. അടുത്ത ദിവസങ്ങളില്‍ കളി നിര്‍ത്തിവെക്കേണ്ട തരത്തില്‍ പുക വര്‍ധിച്ചേക്കും. വായു നല്ലതല്ലെങ്കില്‍ നിങ്ങള്‍ ഇവിടെ മാച്ച് സംഘടിപ്പിക്കരുതായിരുന്നു. ദല്‍ഹിയിലെ ജനങ്ങളൊക്കെയും ഇത് സഹിക്കണമോ എന്നുമായിരുന്നു ബെഞ്ചിന്റെ വിമര്‍ശനം.

നിങ്ങള്‍ തുടര്‍ച്ചയായി മീറ്റിങ്ങുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പക്ഷേ മലിനീകരണം തടയുന്നതിനായി കഴിഞ്ഞ നാലു ദിവസത്തിനിടെ നിങ്ങള്‍ ചെറിയൊരു നടപടിയെങ്കിലുമെടുത്തോ എന്നും ബെഞ്ച് ആരാഞ്ഞു. നിലവിലെ സാഹചര്യത്തില്‍ തലസ്ഥാനത്ത് ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം നടപ്പിലാക്കാത്തതിനും ട്രൈബ്യൂണല്‍ സര്‍ക്കാറിനെ വിമര്‍ശിക്കുകയുണ്ടായി.

അതേ സമയം ചീഫ് സെക്രട്ടറിയും എന്‍വിയോണ്‍മെന്റ് സെക്രട്ടറിയും അടുത്തിടെ മാറിയതിനാല്‍ നടപടികള്‍ എടുക്കുന്നതിന് കൂറച്ചുകൂടി സമയം വേണമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്.

ദല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളോട് മലിനീകരണം തടയുന്നതിനായുള്ള പദ്ധതികള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ നവംബര്‍ 28 ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിരുന്നു.

എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more