ന്യൂദല്‍ഹി: ദല്‍ഹി നഗരത്തിലെ വെള്ളപ്പൊക്കത്തിന് കാരണം ഹരിയാനയിലെ ഹദിനികുണ്ഠ് അണക്കെട്ടില്‍ നിന്നുള്ള ജലത്തിന്റെ ഒഴുക്കാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രശ്‌ന പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ദല്‍ഹി മുഖ്യമന്ത്രി കത്തെഴുതിയിട്ടുണ്ട്.
ദല്‍ഹിയിലെ വെള്ളപ്പൊക്കത്തിന് കാരണം കനത്ത മഴമൂലം യമുന നദിയിലെ ജലനിരപ്പ് അമിതമായി ഉയര്‍ന്നതല്ലെന്നും ഹരിയാനയിലെ ഹദിനികുണ്ഠ് അണക്കെട്ട് തുറന്നത് മൂലമാണെന്നും കെജ്‌രിവാള്‍ ആരോപിച്ചു.
കേന്ദ്ര ജലകമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് യമുനാ നദിയിലെ ജലനിരപ്പ് 207.71 മീറ്ററാണ്. ഇത് അപകടകരമായ അളവിലുമധികമാണെന്നും ഇന്ന് രാത്രിയോടെ 207.72 മീറ്ററിലേക്ക് എത്തുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ദല്‍ഹി നഗരം മുങ്ങുന്ന സ്ഥിതിയിലേക്കാണ് സാഹചര്യങ്ങളുടെ പോക്ക്.
കഴിഞ്ഞ മൂന്ന് ദിവസമായി ദല്‍ഹിയില്‍ മഴ കുറവാണെന്നും അതിനാല്‍ യമുനാ നദിയിലെ ജലനിരപ്പ് അപകടകരമായി വര്‍ധിക്കില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഹരിയാനയിലെ ഹദിനികുണ്ഠ് അണക്കെട്ടില്‍ നിന്ന് പുറത്തുവിടുന്ന ജലത്തിന്റെ അളവ് കാരണമാണ് യമുനാ നദിയിലെ ജലനിരപ്പ് കൂടുന്നത്.
ഹദിനികുണ്ഠില്‍ നിന്നും പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് നിയന്ത്രിക്കണമെന്നും അതിനാല്‍ യമുനാ നദിയിലെ ജലനിരപ്പ് നിയന്ത്രിക്കാനാകുമെന്നും കെജ്‌രിവാള്‍ അമിത് ഷായോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
യമുനാ നദിയിലെ ജലനിരപ്പ് 207.72 മീറ്ററിലേക്ക് എത്തുന്നത് അപകടകരമായ സ്ഥിതിയാണ്. 1978ല്‍ റെക്കോഡ് ചെയ്ത 207.49 മീറ്ററാണ് യമുനയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന ജലനിരപ്പ്.
ജി-20 ഉച്ചകോടി നടക്കാനിരിക്കെ തലസ്ഥാന നഗരി വെള്ളക്കെട്ടിലാകുന്നത് ശുഭസൂചനയാകില്ല. അതിനാല്‍ ദല്‍ഹിയിലെ ജനങ്ങളെ രക്ഷിക്കാന്‍ എല്ലാവരും ഒന്നിച്ചുനല്‍ക്കണമെന്നും കെജ്‌രിവാള്‍ അഭ്യര്‍ത്ഥിച്ചു.
ദല്‍ഹിയിലെ ഗ്രീന്‍ ബെല്‍റ്റ് റോഡ് ഇതിനോടകം വെള്ളപ്പൊക്കത്തില്‍ മുങ്ങിയെന്നും വൈകാതെ റിങ് റോഡുകളും മുങ്ങിയേക്കുമെന്നും ഹിന്ദുസ്ഥന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: delhi flood situation, kejriwal seeks help of amit sha