ന്യൂദല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും യമുനാ നദി അപകടനിലയും കവിഞ്ഞ് ഒഴുകുന്നത് തുടരുന്നതോടെ രാജ്യതലസ്ഥാനമായ ദല്‍ഹി വെള്ളപ്പൊക്കത്തിന്റെ പിടിയില്‍. നോര്‍ത്ത് വെസ്റ്റ് ജില്ലയിലെ മുകുന്ദ്പൂരില്‍ ഇന്ന് മൂന്ന് കുട്ടികള്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച വരെ ദല്‍ഹിയില്‍ യമുനാ തീരത്തുള്ള സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസ് കെട്ടിടവും സെക്രട്ടറിയേറ്റ് പരിസരവും ഉള്‍പ്പെടെയുള്ള മേഖലകളില്‍ ജലനിരപ്പ് ഉയരുകയാണ്.
യമുനയിലെ ജലനിരപ്പ് ഇന്ന് 208.53 മീറ്റര്‍ വരെ ഉയര്‍ന്ന് 45 വര്‍ഷത്തിനിടയിലെ സര്‍വകാല റെക്കോഡ് ഭേദിച്ചിരുന്നു. രാവിലെ 10 മണിയോടെ 208.53 മീറ്റര്‍ വരെ ഉയര്‍ന്ന ജലനിരപ്പ്, വൈകീട്ട് അഞ്ച് മണിയോടെ 208.20 മീറ്റര്‍ ആയി കുറഞ്ഞിട്ടുണ്ടെങ്കിലും ദല്‍ഹി നിവാസികളുടെ ദുരിതത്തിന് അറുതിയുണ്ടായിട്ടില്ല.
യമുനാ നദിയിലെ ജലനിരപ്പ് ഉയരാന്‍ കാരണം ദല്‍ഹിയിലെ മഴയല്ലെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ജലമാണെന്നും ആം ആദ്മി പാര്‍ട്ടി അറിയിച്ചു. അടുത്ത അഞ്ച് ദിവസവും ദല്‍ഹി, ഹരിയാന മേഖലകളില്‍ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിലെ പ്രമുഖ ഗവേഷക സോമ സെന്‍ റോയ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
17, 18 ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് ലഭിക്കുന്ന വിവരം. ഹിമാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ജലമാണ് യമുനയില്‍ എത്തിയതെന്നാണ് കരുതുന്നതെന്നും അവര്‍ വ്യക്തമാക്കി. ദല്‍ഹി നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിലാണ്.
ചെങ്കോട്ട, രാജ്ഘട്ട് പ്രദേശത്തേക്കും വെള്ളമെത്തിയിട്ടുണ്ട്. വിവിധയിടങ്ങളില്‍ റോഡുകളിലേക്കും വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ ദല്‍ഹിയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ട്.
അതേസമയം, ദല്‍ഹിയില്‍ രാഷ്ട്രീയം കളിക്കാനുള്ള നേരമല്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രളയസാഹചര്യത്തെ അതിജീവിക്കുകയാണ് വേണ്ടതെന്നും കേന്ദ്രമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. ദല്‍ഹിയിലെ വെള്ളപ്പൊക്ക സാഹചര്യത്തില്‍ 15 യൂണിറ്റ് എന്‍.ഡി.ആര്‍.എഫ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 4,346 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 179 വളര്‍ത്തു മൃഗങ്ങളെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
Content Highlights: delhi flood like situation, kejriwal office in water, 3 kids dead