| Tuesday, 11th February 2020, 10:48 am

ദല്‍ഹിയിലെ തിരിച്ചടിക്ക് കാരണം പാര്‍ട്ടി തന്നെ; കോണ്‍ഗ്രസിന്റെ പരാജയം ആറുമാസം മുമ്പേ പ്രകടമായിരുന്നെന്ന് സന്ദീപ് ദീക്ഷിത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ കോണ്‍ഗ്രസിന് എവിടെയും ലീഡ് നേടാന്‍ കഴിഞ്ഞിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനമാണ് കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥയ്ക്ക് പിന്നിലെന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിതിന്റെ മകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സന്ദീപ് ദീക്ഷിത്. ആറ് മാസമായി കോണ്‍ഗ്രസ് ദല്‍ഹിയില്‍ നിര്‍ജ്ജീവമാണെന്നും അദ്ദേഹം ആരോപിച്ചു.

‘കോണ്‍ഗ്രസ് വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഇത് കഴിഞ്ഞ സെപ്തംബര്‍ മുതല്‍ പ്രകടവുമായിരുന്നു’, സന്ദീപ് ദീക്ഷിത് എ.എന്‍.ഐയോട് പറഞ്ഞു.

ദല്‍ഹി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും ചുമതലകളിലും ഉദാസീനത പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനേല്‍ക്കേണ്ടി വരുന്ന പരാജയത്തിന് രണ്ടോ മൂന്നോ പേര്‍ നേരിട്ട് ഉത്തരവാദികളാണ്. നേതാക്കളും എ.ഐ.സി.സി ഭാരവാഹികളും തന്റെ അമ്മയെ അടക്കം കളിയാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആരും പരസ്പരം പഴിചാരേണ്ടതില്ല. പരാജയത്തെക്കുറിച്ച് നാളെ ചര്‍ച്ച ചെയ്തതുകൊണ്ട് കാര്യമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

70 സീറ്റുകളിലെവിടെയും നേരിയ മുന്നേറ്റം പോലും കാഴ്ചവെക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. ഒരിടത്ത് മാത്രം ഇടയ്ക്ക് ലീഡ് മെച്ചപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് പിന്നോട്ടുപോവുകയായിരുന്നു,

കോണ്‍ഗ്രസിന് എവിടെയും സീറ്റുറപ്പിക്കാനാവില്ലെന്നായിരുന്നു വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളും വ്യക്തമാക്കിയിരുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിയ കോണ്‍ഗ്രസ് അത്ഭുതം സംഭവിക്കുമെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more