| Wednesday, 12th February 2020, 1:44 pm

ദല്‍ഹി കോണ്‍ഗ്രസ് ചുമതലയില്‍ നിന്ന് രാജി വെച്ച് പി.സി ചാക്കോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ പാര്‍ട്ടിയുടെ ദല്‍ഹി ചുമതലയില്‍ നിന്നും രാജി വെച്ചു. തുടര്‍ച്ചയായ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ദല്‍ഹിയില്‍ കോണ്‍ഗ്രസിന് വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യത്തിലാണ് രാജി.

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്രയും രാജിവെച്ചിരുന്നു.
പരാജയത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി സുഭാഷ് ചോപ്ര പ്രതികരിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 9.6 ശതമാനം വോട്ട് കോണ്‍ഗ്രസ് നേടിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ അഞ്ചിടങ്ങളില്‍ ആം ആദ്മിയെ പിന്തള്ളി രണ്ടാമതെത്താനും പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. ഇത്തവണ 4.27 ശതമാനം വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്.

1998 മുതല്‍ 2013വരെയുള്ള ഷീല ദീക്ഷിത് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് ഇത്തവണയും തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയത്.

66 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. അതില്‍ 63 മണ്ഡലങ്ങളിലും കെട്ടിവെച്ച പണം പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് നഷ്ടമായി.

2015ന് സമാനമായ കനത്ത പരാജയമാണ് കോണ്‍ഗ്രസ് ഇക്കുറിയും നേരിട്ടത്. 2015ലെ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും കോണ്‍ഗ്രസിന് നിലമെച്ചപ്പെടുത്താന്‍ സാധിച്ചിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more