ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ച കനത്ത പ്രഹരത്തിന് പിന്നാലെ പാര്‍ട്ടിയെ കുറ്റപ്പെടുത്തി പ്രവര്‍ത്തകര്‍ രംഗത്തെത്തുമ്പോഴും ബി.ജെ.പിയെ വിജയിപ്പിക്കാത്തതില്‍ സന്തോഷം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. പരാജയത്തെ ന്യായീകരിക്കാതെതന്നെ ബി.ജെ.പിയുടെ പരാജയത്തില്‍ സന്തോഷം കണ്ടെത്തുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ് വീര്‍ ഷേര്‍ഗില്‍ ട്വീറ്റ് ചെയ്തു.
ബി.ജെ.പി വിജയിച്ചില്ല എന്നത് തന്നെ സന്തോഷിപ്പിക്കുന്നുണ്ടെന്ന് മുതിര്‍ന്ന നേതാവ് അഭിഷേക് മനു സിംഗ്‌വിയും പറഞ്ഞു. ആംആദ്മിയുടെ വിജയത്തില്‍ നേരിയ നിരാശയുണ്ടെങ്കില്‍ക്കൂടിയും അതിനുപരിയായി ബി.ജെ.പിയുടെ പരാജയമാണ് താന്‍ നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രചാരണത്തിലടക്കം കോണ്‍ഗ്രസ് വിട്ടുവീഴ്ചയോടെയുള്ള സമീപനമായിരുന്നു സ്വീകരിച്ചതെന്നാണ് മുതിര്‍ന്ന നേതാക്കളടക്കം സമ്മതിക്കുന്നത്. കോണ്‍ഗ്രസ് ശക്തമായ പ്രചരണം നടത്തിയിരുന്നുവെങ്കില്‍ വോട്ടുകള്‍ വിഭജിക്കപ്പെടുമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ബി.ജെ.പി ഉറപ്പായും വിജയിച്ചേനെയെന്ന് കെ.ടി.എസ് തുളസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എക്‌സിറ്റ് പോളുകള്‍ക്ക് പിന്നാലെയായിരുന്നു അവരുടെ പ്രതികരണം.
സ്ഥാനാര്‍ത്ഥികളുടെ വ്യക്തിപരമായ മികവിലായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 26 സീറ്റുകളിലാണ് കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇതില്‍ പകുതി സീറ്റുകളിലെങ്കിലും വിജയിക്കുമെന്നയിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷ. എന്നാല്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് മികവ് പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.