|

ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു; ദല്‍ഹിയില്‍ ബി.ജെ.പി അധികാരത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലെത്തുമ്പോള്‍ ഫലം ബി.ജെ.പിക്ക് അനുകൂലം. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ച തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തി.

ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 47 സീറ്റില്‍ ബി.ജെ.പിയും 23  സീറ്റുകളില്‍ എ.എ.പിയുമാണ് മുന്നിട്ട് നില്‍ക്കുന്നത്. ചില ഘട്ടങ്ങളില്‍ രണ്ട് സീറ്റുകളില്‍ വരെ കോണ്‍ഗ്രസ് ലീഡ് ചെയ്തിരുന്നെങ്കിലും നിലവില്‍ കോണ്‍ഗ്രസ് ഒരിടത്തും ലീഡ് ചെയ്യുന്നില്ല.

ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചതാണ് ദല്‍ഹിയില്‍ ബി.ജെ.പിക്ക് ലീഡെടുക്കാന്‍ സഹായകമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ സഖ്യത്തിലെ പ്രധാനപാര്‍ട്ടികളായ കോണ്‍ഗ്രസും എ.എ.പിയും മുഴുവന്‍ സീറ്റുകളിലും പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് ദല്‍ഹിയിലുണ്ടായത്. അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയും ബി.എസ്.പിയും ചില ഇടത് പാര്‍ട്ടികളും എന്‍.സി.പിയും ഉള്‍പ്പടെയുള്ള ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളും ചിലയിടങ്ങളില്‍ മത്സരിച്ചത് വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കി.

ദല്‍ഹിയില്‍ ബി.ജെ.പിയെ മുന്നേറ്റത്തിന് സഹായിച്ചത് കോണ്‍ഗ്രസ് തന്നെയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബി.ജെ.പി മുന്നിട്ട് നില്‍ക്കുകയും എ.എ.പി. രണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത പല സീറ്റുകളിലും ബി.ജെ.പിക്ക് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ട് കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്.

കല്‍ക്കാജി മണ്ഡലത്തില്‍ നിന്നും മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അതിഷി വിജയിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥി രമേഷ് ബിധുരിയെ പരാജയപ്പെടുത്തിയാണ് അതിഷി വിജയിച്ചത്. 989 വോട്ടുകളാണ് അതിഷിയുടെ ഭൂരിപക്ഷം.

ആം ആദ്മിയുടെ പ്രമുഖ നേതാക്കളായ അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും പരാജയപ്പെട്ടു. ജങ്പുര മണ്ഡലത്തില്‍ നിന്നും മനീഷ് സിസോദിയ ബി.ജെ.പിയുടെ തര്‍വീന്ദര്‍ സിങ് മര്‍വയോട്  തോല്‍വി സമ്മതിച്ചിരുന്നു.

അരവിന്ദ് കെജ് രിവാള്‍ ന്യൂദല്‍ഹി മണ്ഡലത്തില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥി പര്‍വേഷ് ശര്‍മയോട് പരാജയപ്പെടുകയും ചെയ്തു. 3789 വോട്ടുകള്‍ക്കാണ് പര്‍വേഷ് ശര്‍മ മുന്നിലെത്തിയത്. എക്‌സിറ്റ് പോളുകള്‍ ശരിവെക്കുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്.

27 വര്‍ഷത്തിന് ശേഷമാണ് ദല്‍ഹിയില്‍ ബി.ജെ.പി. അധികാരത്തിലേക്ക് നടന്നടുക്കുന്നത്. കഴിഞ്ഞ മൂന്ന് ടേമുകളിലും എ.എ.പിയാണ് ദല്‍ഹിയില്‍ അധികാരത്തിലെത്തിയത്. 2020 ആകെയുള്ള 70 സീറ്റില്‍ 62 സീറ്റ് നേടിയാണ് എ.എ.പി. ദല്‍ഹിയില്‍ ഭരണത്തിലെത്തിയത്.

content highlights: Delhi election result updates

Latest Stories

Video Stories