| Wednesday, 12th February 2020, 10:36 am

'ദല്‍ഹിയിലെ നഗര രാഷ്ട്രീയമല്ല, ജാതിയും ഉപജാതിയും ഗതി നിര്‍ണ്ണയിക്കുന്ന ഇന്ത്യന്‍ ഗ്രാമങ്ങളുടേത്'

സുധ മേനോന്‍

രണ്ടായിരത്തി പതിനൊന്നിലെ സെന്‍സസ് പ്രകാരം ഡല്‍ഹിയിലെ ജനസംഖ്യയില്‍ 81.68% ഹിന്ദുക്കളാണ്. അതുകൊണ്ടു തന്നെ സി.എ.എയ്ക്ക് ശേഷം ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് ഒരു ലിറ്റ്മസ് ടെസ്റ്റ് ആയിരുന്നു. അതിനു അവര്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചു.

‘ഹിന്ദു ഹൃദയ സാമ്രാട്ട്’ ആയി യോഗി ആദിത്യനാഥ് തീവ്രവര്‍ഗീയത വിളമ്പി. ഫെബ്രുവരി എട്ടിനു ദല്‍ഹിയിലെ തെരുവുകളില്‍ നടക്കാന്‍ പോകുന്നത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ആണെന്നായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥി ആയിരുന്ന കപില്‍ മിശ്ര പറഞ്ഞിരുന്നത്. ദേശദ്രോഹികളെ വെടിവെച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്തത് അനുരാഗ് താക്കൂര്‍ എന്ന കേന്ദ്രമന്ത്രി.

ഷാഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ ബലാത്സംഗികളും, കൊലപാതകികളും ആണെന്നും അവര്‍ ഹിന്ദു സഹോദരിമാരെ നാളെ റേപ്പ് ചെയ്യുമെന്നും പരസ്യമായി പറഞ്ഞു പര്‍വേഷ് വര്‍മ്മ. അങ്ങനെ ഒരു ചെറു പ്രദേശത്തെ തിരഞ്ഞെടുപ്പിനെ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാക്കി അവര്‍ മാറ്റി.

എന്നിട്ടും, ജനങ്ങള്‍ കേജ്രിവാളിനെ വീണ്ടും തെരഞ്ഞെടുത്തെങ്കില്‍, അതിനു കാരണം ജനങ്ങള്‍ ഒരു പരിധിക്കപ്പുറം പച്ചയായ വര്‍ഗീയ ധ്രുവീകരണം ഇഷ്ടപ്പെടുന്നില്ല എന്ന് തന്നെയാണ്. പകരം, കെജ്രിവാള്‍ മുന്നോട്ടു വെച്ച വികസന മോഡലിന്റെ സാര്‍വത്രിക സ്വഭാവവും, സമ്പത്തിന്റെ തുല്യനീതിയില്‍ ഊന്നിയ വിതരണവും, കോസ്‌മോപോളിറ്റന്‍ സ്വഭാവമുള്ള ഡല്‍ഹിയിലെ മധ്യവര്‍ഗവോട്ടര്‍മാരെ സ്വാധീനിച്ചു എന്ന് വേണം കരുതാന്‍. അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണം കൃത്യമായും ഊന്നിയിരുന്നതും ക്ഷേമരാഷ്ട്ര നരേറ്റിവില്‍ ആയിരുന്നു.

നിയോലിബറല്‍ സാമ്പത്തിക നയങ്ങള്‍ സാധാരണ ജനങ്ങളെ കൂടുതല്‍ ദരിദ്രരാക്കുമ്പോള്‍, ഭരിക്കുന്നവരുടെ ചെറിയ കരുതല്‍ പോലും ജനങ്ങളെ സ്വാധീനിക്കും. മാത്രമല്ല, തങ്ങളുടെ നേട്ടങ്ങള്‍ വോട്ടര്‍മാരില്‍ കൃത്യമായി എത്തിക്കാന്‍ ആപ്പിന് കഴിഞ്ഞിരുന്നു. ‘Last മൈല്‍’ കണക്ഷന്‍ ജനങ്ങളുമായി ഉണ്ടാക്കാന്‍ അവര്‍ക്കു കഴിഞ്ഞു എന്നുള്ളത് ചെറിയ കാര്യമല്ല.

കഴിഞ്ഞ തവണ ദേശിയ തലത്തില്‍ ബി.ജെ.പിയെ വിജയിപ്പിച്ച ഒരു ഘടകം ഈ lastmile കണക്റ്റിവിറ്റിയും പ്രാദേശിക രക്ഷാകര്‍തൃത്വ രാഷ്ട്രീയവും (patronage politics) ആയിരുന്നു. കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും പരാജയപ്പെടുന്നതും ഈയൊരു ഘടകത്തിന്റെ അഭാവം കൊണ്ടാണ്.

വാസ്തവത്തില്‍ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന ഒരു സന്തോഷം ബി.ജെ.പിയുടെ ധ്രുവീകരണ അജണ്ടക്കു ഏറ്റ തിരിച്ചടി തന്നെയാണ്. അയോധ്യാ വിധിക്കും, കശ്മീരിനും, പൗരത്വ ഭേദഗതി നിയമത്തിനും ശേഷം കുറേകൂടി മിലിറ്റന്റ് ആയ ഒരു ഹിന്ദു വംശീയ ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് അവര്‍.

ഭൂരിപക്ഷമതം എന്നതിന് അപ്പുറം കടന്ന് ഏകമുഖമുള്ളതും, വംശീയവുമായ ഒരു ഹിന്ദു ഐഡന്റിറ്റി എന്ന തലത്തിലേക്കുള്ള ഒരു സാംസ്‌കാരിക മാറ്റം. അതിനു വേണ്ടത് ഹിന്ദുത്വത്തിനു ഒരു പൊതുശത്രുവിനെ ഉണ്ടാക്കിയെടുക്കലാണ്. അതാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നതും.

എന്തായാലും 81 ശതമാനം ഹിന്ദുക്കള്‍ ഉള്ള ഡല്‍ഹിയില്‍ പോലും ഈ നീക്കം വിജയത്തില്‍ എത്തിക്കാന്‍ ഹിന്ദുഹൃദയ സാമ്രാട്ടുകള്‍ക്കു കഴിഞ്ഞില്ല. അതൊരു ചില്ലറകാര്യമല്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചെറുത്തു നില്‍പ്പാണത്.

എങ്കിലും ഈ വിജയം മാത്രം മുന്നില്‍ കണ്ടുകൊണ്ടു ദേശിയ രാഷ്ട്രീയത്തെ നിര്‍വചിക്കുന്നത് ശരിയായിരിക്കില്ല. കെജ്രിവാള്‍ ഒരിക്കലും ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രത്യയശാസ്ത്രപരമായോ, പ്രായോഗികമായോ എതിര്‍ത്തിട്ടില്ല. പകരം, അണ്ണാ ഹസാരെയുടെ സംഘപക്ഷപാതിത്വവും, ജനാധിപത്യ വിരുദ്ധതയും പകല്‍ പോലെ വ്യക്തമായിട്ടും, കൂടെ നിന്നുകൊണ്ട് സംഘപരിവാറിന് വളരാന്‍ വെള്ളവും വളവും കൊടുത്തു.

അയോധ്യാ പ്രശ്‌നത്തിലും, കാശ്മീര്‍ പ്രശ്‌നത്തിലും ഒക്കെ നൈതികമായ ഒരു നിലപാട് കെജ്രിവാള്‍ എടുത്തിരുന്നില്ല, മറിച്ചു, സംഘപരിവാറിനോട് ചേര്‍ന്നുപോകുന്ന മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിച്ചത്.

അതുകൊണ്ട്, കെജ്രിവാളിന്റെ ഗവേണന്‍സ് മോഡലിനെ വാഴ്ത്താമെന്നല്ലാതെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് ഈ സന്നിഗ്ധ ഘട്ടത്തില്‍ ഡല്‍ഹിക്കു അപ്പുറം പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഡല്‍ഹിയിലെ നഗര രാഷ്ട്രീയമല്ല, ജാതിയും ഉപജാതിയും സ്വത്വരാഷ്ട്രീയവും, ഗതി നിര്‍ണ്ണയിക്കുന്ന ഇന്ത്യന്‍ ഗ്രാമങ്ങളുടേത്.

കനയ്യകുമാര്‍ പരാജയപ്പെട്ടത് ഓര്‍ക്കുക. ഇപ്പോള്‍ കനയ്യകുമാറും ഷക്കീല്‍ അഹമ്മദും ബീഹാറില്‍ നയിച്ചുകൊണ്ടിരിക്കുന്ന ആവേശമുണര്‍ത്തുന്ന ജനഗണമന യാത്രയിലെ ഓരോ സമ്മേളനങ്ങളിലും പതിനായിരക്കണക്കിനു ആളുകള്‍ പങ്കെടുക്കുന്നുണ്ട്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ കൃത്യമായി, നിര്‍ഭയമായി കനയ്യകുമാര് എതിര്‍ക്കുന്നുമുണ്ട്. പക്ഷെ അതിന്റെ പ്രയോജനം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കിട്ടുമോ എന്ന് പറയാറായിട്ടില്ല.

കാരണം ഡല്‍ഹിയല്ല ബീഹാര്‍. നിര്‍ഭാഗ്യകരമായ ഈ യാഥാര്‍ഥ്യം നമ്മള്‍ അംഗീകരിച്ചേ മതിയാവൂ. അത് അംഗീകരിച്ചു കൊണ്ട് ഒന്നിച്ചു നിന്ന് ഒരു വിശാലബദല്‍ ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കേണ്ടത്.

എങ്കിലും എല്ലാ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും ഈ വിജയത്തെ നമ്മള്‍ അംഗീകരിക്കേണ്ടത്, സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായതും, അഴിമതിരഹിതവുമായ ഒരു വികസനപരിപ്രേക്ഷ്യത്തിനു ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇനിയും പ്രസക്തി ഉണ്ടെന്നു കെജ്രിവാള്‍ തെളിയിച്ചത് കൊണ്ടാണ്.

അരവിന്ദ് കെജ്രിവാളിന് ഒരായിരം അഭിനന്ദനങ്ങള്‍. സല്‍ഭരണം തുടര്‍ന്നും നടത്താന്‍ കഴിയട്ടെ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സുധ മേനോന്‍

സാമൂഹ്യപ്രവര്‍ത്തക

We use cookies to give you the best possible experience. Learn more