| Tuesday, 11th February 2020, 8:13 am

ദല്‍ഹി കെജ്‌രിവാള്‍ നിലനിര്‍ത്തുമോ?; ത്രികോണ പോരാട്ടത്തിന്റെ ഫല പ്രഖ്യാപനം കാത്ത് രാജ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആംആദ്മിയും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള കടുത്ത ത്രികോണ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ആദ്യഫലങ്ങള്‍ വന്നു തുടങ്ങി. എട്ട് മണിക്ക് ദല്‍ഹി തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണല്‍ ആരംഭിച്ചത്. രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്ന ആകംക്ഷയിലാണ് വോട്ടര്‍മാരും രാഷ്ട്രീയ നിരീക്ഷകരും.

ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാര്‍ട്ടിയെങ്കില്‍ ബി.ജെ.പി ഭരണ പിടിച്ചെടുക്കാനും കോണ്‍ഗ്രസ് ഭരണം വീണ്ടെടുക്കുന്നതിനുമുള്ള ശ്രമത്തിലാണ്. എഴുപത് സീറ്റിലേക്കാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എക്‌സിറ്റ് പോളുകളെല്ലാം ആംആദ്മിക്ക് അനുകൂലമാണ്.

2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റ് നേടിയാണ് ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. ബി.ജെ.പി മൂന്ന് സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റ് പോലും നേടാത്തത് പാര്‍ട്ടിക്ക് രാജ്യതലസ്ഥാനത്ത് വലിയ തിരിച്ചടിയായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് വലിയ ആകാംക്ഷ നിലനില്‍ക്കുന്നുണ്ടെങ്കില്‍ കൂടി വോട്ടിംഗ് ശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറയുകയാണ് ചെയ്തത്.

62.59 ശതമാനം പോളിംഗ് ആണ് ആകെ രേഖപ്പെടുത്തിയത്.

ഏറ്റവും കൂടുതല്‍ പോളിംഗ് ബല്ലിമാര മണ്ഡലത്തിലാണ്. 71.6% ആണ് ബല്ലിമാരയിലെ പോളിംഗ്. ദല്‍ഹി കന്റോണ്‍മെന്റിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ്. 45.4 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയ പോളിംഗ്.

ഒപ്പം തെരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിംഗ് ശതമാനം പുറത്ത് വിടാത്തതും വലിയ വിമര്‍ശങ്ങള്‍ക്കിടയാക്കിയിരുന്നു.
സാധാരണഗതിയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അന്നേദിവസം തന്നെ പോളിംഗിന്റെ ഔദ്യോഗിക കണക്കുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ദല്‍ഹിയില്‍ പോളിംഗ് കഴിഞ്ഞ് 22 മണിക്കൂറുകള്‍ പിന്നിട്ടിട്ടും കണക്കുകള്‍ പുറത്തുവിട്ടിരുന്നില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more