ദല്‍ഹി തെരഞ്ഞെടുപ്പ്; ഔദ്യോഗിക കണക്കുകള്‍ പുറത്തു വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, 'ആം ആദ്മിയുടെ ആരോപണം അടിസ്ഥാനരഹിതം'
national news
ദല്‍ഹി തെരഞ്ഞെടുപ്പ്; ഔദ്യോഗിക കണക്കുകള്‍ പുറത്തു വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, 'ആം ആദ്മിയുടെ ആരോപണം അടിസ്ഥാനരഹിതം'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th February 2020, 7:54 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ നിയമ സഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ പുറത്തു വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

62.59 ശതമാനം പോളിംഗ് ആണ് ആകെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 2 % പോളിംഗ് ശതമാനം കൂടുതലാണിത്.

ഏറ്റവും കൂടുതല്‍ പോളിംഗ് ബല്ലിമാര മണ്ഡലത്തിലാണ്. 71.6% ആണ് ബല്ലിമാരയിലെ പോളിംഗ്. ദല്‍ഹി കന്റോണ്‍മെന്റിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ്. 45.4 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയ പോളിംഗ്.

തെരഞ്ഞെടുപ്പ് കമ്മീഷനു നേരെയുള്ള ആം ആദ്മിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ രണ്‍ബീര്‍ സിംഗ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒന്നിലധികം തവണ ബാലറ്റുകളുടെ സൂക്ഷമ പരിശോധന നടത്തിയതിനാലാണ് കാലതാമസം വന്നതെന്ന് രണ്‍ബിര്‍ സിംഗ് മാധ്യമങ്ങളെ അറിയിച്ചു. ഒപ്പം വോട്ടിംഗ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമിലേക്ക് മാറ്റാന്‍ വൈകി. അതിനാലാണ് പോളിംഗ് ശതമാനം കണക്കു കൂട്ടാന്‍ വൈകിയതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പോള്‍ ചെയ്ത കണക്കുകള്‍ വെളിപ്പെടുത്താത്ത തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാട് ഞെട്ടിക്കുന്നതെന്ന് ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കണക്കുകള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും ഉടന്‍ തന്നെ പ്രസിദ്ധപ്പെടുത്തുമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിന് മറുപടി നല്‍കിയത്.

 

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സാധാരണഗതിയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അന്നേദിവസം തന്നെ പോളിംഗിന്റെ ഔദ്യോഗിക കണക്കുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ദല്‍ഹിയില്‍ പോളിംഗ് കഴിഞ്ഞ് 22 മണിക്കൂറുകള്‍ പിന്നിട്ടിട്ടും കണക്കുകള്‍ പുറത്തുവരാത്തതിനെ തുടര്‍ന്നായിരുന്നു കെജ്രിവാളിന്റെ ആരോപണം.