| Saturday, 8th February 2020, 8:38 am

ദല്‍ഹിയില്‍ 1.47 കോടി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക്; പ്രക്ഷോഭം കണക്കിലെടുത്ത് കനത്ത സുരക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചു. 70 സീറ്റിലേക്കുള്ള വോട്ടെടുപ്പ് രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് നടക്കുന്നത്. 1.47 കോടി വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. അതില്‍ 2.08ലക്ഷം പുതിയ വോട്ടര്‍മാരാണ്.

ത്രികോണ മത്സരമാണ് ദല്‍ഹിയില്‍ നടക്കുന്നത്. ആംആദ്മി പാര്‍ട്ടി ഭരണം നിലനിര്‍ത്താന്‍ കടുത്ത പോരാട്ടം നടത്തുമ്പോള്‍ ദല്‍ഹിയില്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. അതേസമയം 15 വര്‍ഷം ദല്‍ഹി ഭരിച്ച കോണ്‍ഗ്രസ് ഇത്തവണ വോട്ട് ശതമാനം കൂട്ടാനുള്ള ശ്രമത്തിലും.

പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് അവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഷാഹിന്‍ബാഗിലെ എല്ലാ ബൂത്തുകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയത്.

ഷാഹീന്‍ ബാഗില്‍ നിന്നും പ്രതിഷേധക്കാരെ നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലെ വാദം കേള്‍ക്കല്‍ സുപ്രീംകോടതി ഫെബ്രുവരി 10 തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

ദല്‍ഹി തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പ്രതിഷേധം ട്രാഫിക് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായേക്കാമെന്ന് ഹരജിക്കാരന്‍ വാദിച്ചെങ്കിലും ദല്‍ഹി തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കൊണ്ട് തന്നെയാണ് വാദം കേള്‍ക്കല്‍ മാറ്റിയതെന്നായിരുന്നു ഹരജി പരിഗണിച്ച ജസ്റ്റിസ് വ്യക്തമാക്കിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റ് നേടിയാണ് ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more