ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് താരത്തിനെതിരെ പൊട്ടിത്തെറിച്ച് ഡല്‍ഹി ഡൈനാമോസ് ഡയറക്ടര്‍. ഹാഫ് ടൈം ഇടവേളയ്ക്ക് വിസില്‍ മുഴങ്ങാന്‍ വൈകിയെന്നും ഡൈനാമോസ് ഡയറക്ടര്‍ രോഹന്‍ ശര്‍മ്മ ആരോപിക്കുന്നു.
കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മോശം തന്ത്രങ്ങള്‍ പയറ്റിയെന്നും രോഹന്‍ ആരോപിക്കുന്നു. ഡൈനാമോസിന്റെ ഗോളി സാബി ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കര്‍ സിഫ്‌നിയോസുമായി കൂട്ടിയിടച്ചതിന് ശേഷം കളിക്കളത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു ഡൈനാമോസ് ഡയറക്ടറുടെ വിമര്‍ശനം.
സിഫ്‌നിയോസിന്റെത് വൃത്തികെട്ട നീക്കമായിരുന്നുവെന്നും താരത്തിന് കാര്‍ഡ് കൊടുക്കാത്തത് അനീതിയാണെന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ കുറിച്ചു. നേരത്തെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനത്തിനെതിരെ ഡല്‍ഹി ഡൈനാമോസ് പരിശീലകനും രംഗത്തെത്തിയിരുന്നു.
കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ ആഞ്ഞടിച്ച് ഡല്‍ഹി ഡൈനാമോസ് പരിശീലകന്‍ മിഖ്വല്‍ ആന്‍ഗെല്‍ പോര്‍ച്ചുഗള്‍ രംഗത്ത് വരികയായിരുന്നു. ഇന്നലെ ഡൈനാമോസിനെ കേരളം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. എട്ട് മത്സരങ്ങളായി വിജയം കാണാതെ വലയുന്ന ഡൈനമോസ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണുള്ളത്.
ഇന്നലെ ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക്കിന്റെ കരുത്തിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഡൈനാമോസിനെ പരാജയപ്പെടുത്തി വിജയവഴിയില്‍ തിരികെ എത്തിയത്. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് കളിച്ചത് നല്ല ഫുട്‌ബോള്‍ അല്ലെന്നാണ് ഇപ്പോള്‍ ദല്‍ഹി ടീമിന്റെ പരിശീലകന്‍ വിമര്‍ശിച്ചത്.
“കേരള ബ്ലാസ്റ്റേഴ്‌സ് കളി ജയിച്ചിട്ടുണ്ടാകും. പക്ഷെ ഞങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങളുണ്ടായിരുന്നു. അവസരങ്ങള്‍ ഗോളാക്കി മാറ്റിയിരുന്നെങ്കില്‍ ഞങ്ങള്‍ വിജയിക്കുമായിരുന്നു.” അദ്ദേഹം പറയുന്നു. റെനെയ്ക്ക് പകരം ഡേവിഡ് ജെയിംസ് എത്തിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ കളി മാറിയോ എന്ന ചോദ്യത്തിനും അദ്ദേഹത്തിന്റെ മറുപടി ബ്ലാസ്റ്റേഴിസിനെ വിമര്‍ശിക്കുന്നതായിരുന്നു.
“കേരളത്തിന്റെ കളിയില്‍ ഒരു മാറ്റവും ഞാന്‍ കാണുന്നില്ല. കാരണം അവര്‍ കളിക്കുന്നത് ഫുട്‌ബോള്‍ അല്ല. ഡേവിഡ് ജെയിംസിന്റെ കീഴിലും അവര്‍ കളിക്കുന്നത് ഫുട്‌ബോള്‍ അല്ല ലോങ് ബോളാണ്. ഒരേയൊരു ടീമിനെ ഫുട്‌ബോള്‍ കളിക്കുന്നുള്ളൂ, അത് ഡൈനാമോസ് ആണ്.” ഡൈനാമോസ് പരിശീലകന്‍ പറഞ്ഞു.