ന്യൂദല്‍ഹി: രാജ്യത്തെ കല്‍ക്കരി ക്ഷാമവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ വിമര്‍ശനമുന്നയിച്ച് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.
കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തില്‍ ഓക്‌സിജന്‍ ക്ഷാമം നേരിട്ടപ്പോള്‍ അത്തരമൊരു പ്രതിസന്ധിയേ ഇല്ലെന്ന് പറഞ്ഞ കേന്ദ്രം അതേ പല്ലവി തന്നെയാണ് ആവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ കല്‍ക്കരിയുടെ അവസ്ഥ മോശമാണെന്നും കടുത്ത പ്രതിസന്ധിയിലേക്കാണ് പോവുന്നതെന്നും സിസോദിയ പറഞ്ഞു.
കല്‍ക്കരി ക്ഷാമത്തിന്റെ പേരില്‍ ചിലര്‍ അനാവശ്യമായ ഭീതി സൃഷ്ടിക്കുകയാണെന്ന് കേന്ദ്ര ഊര്‍ജമന്ത്രി ആര്‍.കെ. സിങ് നേരത്തെ പറഞ്ഞിരുന്നു. നിലവില്‍ രാജ്യത്ത് ആവശ്യത്തിന് വൈദ്യുതി ലഭ്യമാണെന്നും ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ദിവസങ്ങള്‍ക്കകം പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി സിസോദിയ രംഗത്ത് വന്നത്.
കേന്ദ്രമന്ത്രിയുടേത് നിരുത്തരവാദിത്തപരമായ പ്രസ്താവനയാണെന്ന് സിസോദിയ പറഞ്ഞു. രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാര്‍ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കുന്നതിനിടെയാണ് കേന്ദ്രമന്ത്രി ഇത്തരത്തില്‍ സംസാരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ദല്‍ഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച ആശങ്കകള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ദല്‍ഹിയിലും പ്രതിസന്ധി രൂക്ഷമാവാന്‍ സാധ്യതയുണ്ടെന്ന് കാട്ടി കെജ്‌രിവാള്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു.
ഊര്‍ജപ്രതിസന്ധി കേരളത്തെയും ബാധിച്ചുവെന്നും കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയില്‍ 1,000 മെഗാവാട്ടിന്റെ കുറവ് ഉണ്ടായെന്നും വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.
അതേസമയം കല്‍ക്കരി ക്ഷാമം മൂലം മഹാരാഷ്ട്രയിലെ 13ഉം പഞ്ചാബിലെ 3 യൂണിറ്റ് താപവൈദ്യുത നിലയങ്ങളും അടച്ച് പൂട്ടിയിരുന്നു.