ന്യൂദല്‍ഹി: മദ്യനയ കേസില്‍ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റില്‍. എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സി.ബി.ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
രാത്രി 7.15 ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപമുഖ്യമന്ത്രിയായതുകൊണ്ട് തന്നെ കേന്ദ്രത്തിന്റെയും മറ്റ് സി.ബി.ഐ ഉന്നത ഉദ്യോഗസ്ഥരുടെയും സമ്മതം വാങ്ങിയതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഞായറാഴ്ച 11 മണിയോടെയാണ് സിസോദിയയെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ഉച്ചയൂണിന് പോലും പുറത്തേക്ക് അയച്ചിരുന്നില്ല. ഭക്ഷണമടക്കം അകത്തേക്ക് കൊണ്ടുകൊടുത്താണ് ചോദ്യം ചെയ്തിരുന്നത്.
അറസ്റ്റിന് പിന്നാലെ ദല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു. സി.ബി.ഐ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ലോധി കോളനി പ്രദേശത്തെ റോഡുകള്‍ ബാരിക്കേഡ് വെച്ച് അടച്ചിട്ടുണ്ട്. സിസോദിയയുടെ വീടിന് സമീപത്തും ബാരിക്കേഡുകള്‍ സ്ഥാപിച്ചതായാണ് റിപ്പോര്‍ട്ട്.
അതേസമയം, മനീഷ് സിസോദിയയുടെ ചോദ്യം ചെയ്യലിന് പിന്നാലെ നേതാക്കള്‍ വീട്ടുതടങ്കലിലെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. എ.എ.പിയുടെ എം.പിയായ സഞ്ജയ് സിങ്ങാണ് ആരോപണമുന്നയിച്ചിരുന്നത്. ഫെബ്രുവരി 19നാണ് സിസോദിയയെ ഇതിന് മുമ്പ് സി.ബി.ഐ ചോദ്യം ചെയ്തിരുന്നത്.
പുതിയ മദ്യനയത്തിന്റെ ഭാഗമായി ലൈസന്‍സ് കിട്ടാന്‍ സിസോദിയയുടെ അടുപ്പക്കാര്‍ മദ്യ വ്യാപാരികളില്‍ നിന്നും കോടികള്‍ കോഴ വാങ്ങി എന്നാണ് കേസ്. സിസോദിയ ഉള്‍പ്പടെ 14 പേരാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍.
Content Highlight: Delhi Deputy Chief Minister Manish Sisodia arrested in Liquor Policy