ന്യൂദല്‍ഹി: ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് നിര്‍ത്തിവെച്ച് സുപ്രീം കോടതി. കയ്യേറ്റം ഒഴിപ്പിക്കുന്നത് തടഞ്ഞ് കഴിഞ്ഞ ദിവസം കോടതി പുറത്തിറക്കിയ ഉത്തരവ് തുടരും. ഹരജികളില്‍ മറുപടി നല്‍കാന്‍ കോടതി ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് നിര്‍ദേശിച്ചു.
‘സുപ്രീംകോടതി വിധി മേയറെ അറിയിച്ചതിന് ശേഷം നടന്ന എല്ലാ പൊളിച്ചുനീക്കലുകളും ഞങ്ങള്‍ ഗൗരവമായി കാണും,’ രണ്ടാഴ്ചയ്ക്ക് ശേഷം കേസ് എടുക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു.
കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് എതിരായ ഹരജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടികള്‍ ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെയ്ക്കുന്നതാണെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ കോടതിയില്‍ പറഞ്ഞു.
ഇത് ജഹാംഗീര്‍പുരിയിലെ മാത്രം വിഷയമല്ലെന്നും രാജ്യത്തെ മുഴുവന്‍ ബധിക്കുന്ന പ്രശ്നമാണെന്നും ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടാണ് നടപടിയെന്നും ദുഷ്യന്ത് ദവെ പറഞ്ഞു.
രാജ്യത്തിന്റെ സാമൂഹിക ഐക്യത്തിന്റെ പ്രശ്നമാണ് ഇത്. സര്‍ക്കാര്‍ നടപടിക്കെതിരേ സുപ്രീം കോടതി ഉത്തരവിറക്കിയിട്ടും പൊളിക്കല്‍ നടപടി തുടര്‍ന്നു. ഇത് അനുവദിച്ചാല്‍ നിയമവാഴ്ച ബാക്കിയുണ്ടാവില്ല. സര്‍ക്കാര്‍ നയത്തിന്റെ ഉപകരണമാണോ ബുള്‍ഡോസറെന്നും ദുഷ്യന്ത് ദവെ ചോദിച്ചു.
ദല്‍ഹിയില്‍ 731 അനധികൃത കോളനികള്‍ ഉണ്ട്. അതില്‍ നിന്ന് ഒരെണ്ണം മാത്രം തിരഞ്ഞെടുത്ത് ഒഴിപ്പിക്കുകയാണ്. ഒരു സമുദായത്തെ ലക്ഷ്യമിടുകയാണ്. വീടുകള്‍ പൊളിച്ചതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും ദവെ ചോദിച്ചു.
ജഹാംഗീര്‍പുരിയില്‍ പൊളിച്ച കെട്ടിടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ബൃന്ദ കാരാട്ടിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പി.വി സുരേന്ദ്രനാഥ് കോടതിയില്‍ ആവശ്യപ്പെട്ടത്. നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും 12.45 വരെ പൊളിക്കല്‍ നടപടികള്‍ തുടര്‍ന്നുവെന്നും അദ്ദേഹം അറിയിച്ചു.
Content Highlights: Delhi Demolitions On Hold, Supreme Court’s “Serious View” Warning