| Thursday, 29th July 2021, 3:49 pm

ദല്‍ഹി പൊലീസ് കമ്മീഷണറായി കേന്ദ്രത്തിന്റെ 'ഇഷ്ടക്കാരന്‍' വേണ്ട; രാകേഷ് അസ്താനയ്‌ക്കെതിരെ പ്രമേയം പാസാക്കി ദല്‍ഹി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ സി.ബി.ഐ. ഓഫീസര്‍ രാകേഷ് അസ്താനയെ ദല്‍ഹി പൊലീസ് കമ്മീഷണറായി നിയമിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ പ്രമേയം പാസാക്കി ദല്‍ഹി സര്‍ക്കാര്‍. രാകേഷ് അസ്താനയുടെ നിയമനം റദ്ദാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ദല്‍ഹി പൊലീസ്. രാകേഷ് അസ്താനയെ കഴിഞ്ഞ ദിവസമാണ് ദല്‍ഹി പൊലീസ് കമ്മീഷണറായി നിയമിക്കുന്നത്.

സര്‍വീസില്‍ നിന്നും പിരിയാന്‍ മൂന്ന് ദിവസം ബാക്കി നില്‍ക്കെയാണ് രാകേഷ് അസ്താനയെ ദല്‍ഹി പൊലീസ് തലപ്പത്തേക്ക് നിയമിക്കുന്നത്. സര്‍വീസ് ഒരു വര്‍ഷം നീട്ടിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ നിയമനം.

പൊതു താത്പര്യം മുന്‍നിര്‍ത്തി അസ്താനയുടെ സര്‍വീസ് കാലാവധി ഒരു വര്‍ഷം കൂടി നീട്ടുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധമാണ് അസ്താനയ്ക്കുള്ളത്.

ഗുജറാത്ത് കേഡറില്‍ നിന്നുള്ള 1984 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് രാകേഷ് അസ്താന. ബി.എസ്.എഫ്. ഡയറക്ടര്‍ ജനറലായി തുടര്‍ന്ന് വരികയായിരുന്നു.

കീഴ്‌വഴക്കങ്ങള്‍ മറികടന്ന് അസ്താനയെ സി.ബി.ഐ. തലപ്പത്ത് നിയമിച്ചത് വലിയ വിവാദമായിരുന്നു. അസ്താനയെ സ്‌പെഷ്യല്‍ ഡയരക്ടറായി നിയമിച്ചതിനെ അന്നത്തെ സി.ബി.ഐ. ഡയറക്ടര്‍ അലോക് വര്‍മ്മ എതിര്‍ത്തിരുന്നു.

2019 ജനുവരിയില്‍ സി.ബി.ഐ. സ്‌പെഷ്യല്‍ ഡയറക്ടറായിരിക്കെ അന്നത്തെ സി.ബി.ഐ. മേധാവി അലോക് വര്‍മയുമായി കൊമ്പ് കോര്‍ത്തിരുന്നത് വാര്‍ത്തയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Delhi demands withdrawal of Rakesh Asthana as Delhi Police Commissioner

We use cookies to give you the best possible experience. Learn more