ന്യൂദൽഹി: വിവാഹത്തിന് നിർബന്ധിച്ചതിനെ തുടർന്ന് ഗർഭിണിയായ കൗമാരക്കാരിയെ കാമുകനും സൃഹൃത്തുക്കളും കൊന്ന് കുഴിച്ച് മൂടിയതായി റിപ്പോർട്ട്. ദൽഹി സ്വദേശിയായ സോണി ആണ് കൊല്ലപ്പെട്ടത് (19 ).
ഹരിയാനയിലെ റോഹ്തക്കിൽ നിന്ന് 19 കാരിയുടെ മൃതദേഹം കാണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട സംഭവത്തിൽ രണ്ടുപേരെ ദൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ സഞ്ജു എന്ന സലീം (ഇരയുടെ കാമുകൻ), പങ്കജ്, റിതിക് എന്നിവരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
സഹോദരിയെ കാണാതായതായി ഒക്‌ടോബർ 22 ന് ഇരയുടെ സഹോദരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. അടുത്തിടെ തൻ്റെ സഹോദരിയുമായി സൗഹൃദം സ്ഥാപിച്ച ഒരാൾക്ക് അവളുടെ തിരോധാനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം പൊലീസിനോട് പറഞ്ഞിരുന്നു. തുടർന്നാണ് സംശയം പെൺകുട്ടിയുടെ കാമുകനിലേക്ക് നീളുന്നത്.
‘പരാതി ലഭിച്ചയുടൻ അന്വേഷണത്തിനായി ഒന്നിലധികം സംഘങ്ങൾ രൂപീകരിച്ചു. യുവതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു,’ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
‘ഞങ്ങളുടെ സംഘം മദീനയിലെ ഉപേക്ഷിക്കപ്പെട്ട പ്രദേശത്തെ കുഴിയിൽ നിന്ന് ഇരയുടെ മൃതദേഹം കണ്ടെടുത്തു,’ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
അന്വേഷണത്തിനിടെ സഞ്ജുവിനെയും പങ്കജിനെയും പൊലീസ് പിടികൂടി. ഒക്‌ടോബർ 21 ന് അവർ ഒരു കാർ വാടകയ്‌ക്കെടുക്കുകയും ഇരയെ കൂട്ടി കൊണ്ടുപോവുകയും ചെയ്‌തതായി അവർ കുറ്റം സമ്മതിച്ചു. കേസിലെ മൂന്നാം പ്രതിയായ റിത്വിക്കിനായി തിരച്ചിൽ നടത്തുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽനിന്ന് സാധനങ്ങളുമെടുത്ത് സലീമിനെ കാണാൻ സോണി പോയി. സലീമും രണ്ടു സുഹൃത്തുക്കളും ചേർന്ന് സോണിയെ ഹരിയാനയിലെ റോഹ്തക്കിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് യുവതിയെ മൂവരും ചേർന്ന് കൊന്നു കുഴിച്ചുമൂടുകയായിരുന്നു.
സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന സോണിക്ക്, ഇൻസ്റ്റഗ്രാമിൽ ആറായിരത്തിലധം ഫോളോവേഴ്സുണ്ട്. സലീമിനൊപ്പമുള്ള നിരവധി ചിത്രങ്ങളും സോണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സലീമുമായുള്ള ബന്ധത്തെക്കുറിച്ച് സോണിയുടെ വീട്ടുകാർക്കും നേരത്തെ അറിവുണ്ടായിരുന്നെന്നും അവർ ബന്ധം വിലക്കിയിരുന്നതായും പൊലീസ് പറഞ്ഞു. എന്നാൽ ഇരുവരും ബന്ധം തുടരുകയായിരുന്നു.
Content Highlight: Delhi Crime: Pregnant Teen Murdered By Boyfriend Over Marriage Pressure; Body Found Buried In Haryana; 2 Arrested