| Saturday, 14th March 2020, 1:28 pm

ദല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ ശ്മശാനം അധികൃതര്‍ അനുവദിച്ചില്ലെന്ന് കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൊവിഡ് 19 ബാധിച്ച് മരണപ്പെട്ട 68 കാരിയുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ ശ്മശാനം അധികൃതര്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കുടുംബം. നിഗംബോധിലെ ശ്മശാനം അധികൃതരാണ് ഈ നിലപാടെടുത്തത്. കൊവിഡ് 19 ബാധിച്ച് ഇന്ത്യയില്‍ മരണപ്പെടുന്ന രണ്ടാമത്തെ വ്യക്തിയായിരുന്നു ഇവര്‍.

വെള്ളിയാഴ്ചയായിരുന്നു ഇവരുടെ മരണം. ഇന്ന് മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയപ്പോഴാണ് മൃതദേഹം അവിടെ സംസ്‌ക്കരിക്കാന്‍ കഴിയില്ലെന്ന നിലപാട് ശ്മശാനം അധികൃതര്‍ കൈക്കൊണ്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു.

ശവസംസ്‌കാരത്തിനായി മൃതദേഹം മറ്റേതെങ്കിലും സ്ഥലത്തേക്ക് കൊണ്ടുപോകാനായിരുന്നു നിഗംബോദിലെ ശ്മശാനം അധികൃതര്‍ പറഞ്ഞതെന്നും ജാനക്പുരിയില്‍ നിന്നുള്ള കുടുംബം പറഞ്ഞു.

വിദേശത്തുള്ള മകന്‍ തിരിച്ചെത്തിയ ശേഷമാണ് 68 കാരിയായ സ്ത്രീയ്ക്ക് പ്രമേഹവും രക്തസമ്മര്‍ദ്ദവും പനിയും വന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് 19 സ്ഥിരീകരിക്കുകയുമായിരുന്നു.

പ്രമേഹവും രക്തസമര്‍ദ്ദവും മൂലമാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവര്‍ക്ക് കൊവിഡ് 19 പോസിറ്റീവ് ആയിരുന്നെന്നും രാം മനോഹര്‍ ലോഹിയ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

വിദഗ്ധരുടെ അഭിപ്രായത്തില്‍ കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ ശരീരത്തില്‍ വൈറസിന്റെ സാന്നിധ്യം ഉണ്ടാകുമെന്നാണ്.

‘വൈറസ് ശരീരത്തില്‍ തുടരുന്നതിനാല്‍ തന്നെ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. മരണാനന്തര ചടങ്ങുകള്‍ നടത്തുന്നവര്‍ അങ്ങേയറ്റം സൂക്ഷ്മ പാലിക്കേണ്ടതുണ്ട്. മൃതദേഹം കൈകാര്യം ചെയ്യുന്നിടത്ത് കൂടുതല്‍ ആളുകള്‍ ഉണ്ടാവരുത്. അല്ലാത്തപക്ഷം വൈറസ് പടരാനുള്ള സാധ്യത കൂടുതലാണ്”, ദല്‍ഹിയിലെ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റും ഹെപ്പറ്റോളജിസ്റ്റുമായ ഡോ. ഉമേഷ് വര്‍മ പറഞ്ഞു,

ഫെബ്രുവരി 5 നും 22 നും ഇടയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്കും ഇറ്റലിയിലേക്കും യാത്ര ചെയ്ത് തിരിച്ചെത്തിയ മകനുമായി സ്ത്രീഅടുത്ത് ഇടപഴകിയിട്ടുണ്ടെന്ന് ദല്‍ഹി ആരോഗ്യമന്ത്രാലയം പറഞ്ഞു.

ഫെബ്രുവരി 23 നാണ് മകന്‍ ഇന്ത്യയിലേക്ക് മടങ്ങിയത്. തുടക്കത്തില്‍ ലക്ഷണമില്ലായിരുന്നുവെങ്കിലും പിന്നീട് പനിയും ചുമയും വരികയും മാര്‍ച്ച് 7 ന് രാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു.

”പ്രോട്ടോക്കോള്‍ അനുസരിച്ച് കുടുംബം പരിശോധന നടത്തിയിട്ടുണ്ട്. അദ്ദേഹത്തിനും അമ്മയ്ക്കും പനിയും ചുമയും ഉള്ളതിനാല്‍ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,” ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

യുവതിക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ ഉണ്ടായിരുന്നു. മാര്‍ച്ച് എട്ടിനാണ് ഇവരുടെ സാമ്പിള്‍ ശേഖരിച്ചത്. പിറ്റേ ദിവസം തന്നെ ആരോഗ്യനില വഷളാവുകയായിരുന്നു, ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മാര്‍ച്ച് 9 മുതല്‍ ശ്വാസകോശ സംബന്ധമായ ചില ബുദ്ധിമുട്ടുകള്‍ കൂടി വന്നു. തുടര്‍ന്ന് അവരെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മാര്‍ച്ച് 13 നാണ് മരണം സ്ഥിരീകരിക്കുന്നതെന്ന് ദല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

വ്യാഴാഴ്ച കര്‍ണാടകയിലാണ് ഇന്ത്യയിലെ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്താകമാനം 83 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദല്‍ഹിയില്‍ ഇതുവരെ ഏഴ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more