തെളിവുകള്‍ കൃത്രിമം; മുന്‍കൂട്ടി നിശ്ചയിച്ച കുറ്റപത്രം; ദല്‍ഹി കലാപക്കേസില്‍ പൊലീസിനെ വിമര്‍ശിച്ച് കോടതി
national news
തെളിവുകള്‍ കൃത്രിമം; മുന്‍കൂട്ടി നിശ്ചയിച്ച കുറ്റപത്രം; ദല്‍ഹി കലാപക്കേസില്‍ പൊലീസിനെ വിമര്‍ശിച്ച് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th August 2023, 2:57 pm

ന്യൂദല്‍ഹി: ദല്‍ഹി കലാപക്കേസില്‍ പൊലീസിനെ വിമര്‍ശിച്ച് കോടതി. ദല്‍ഹി പൊലീസ് തെളിവുകള്‍ കൃത്രിമമായി നിര്‍മിച്ചെന്നും മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരമുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചതെന്നും കര്‍ക്കര്‍ദൂമ കോടതി പറഞ്ഞു. 2020ലെ ദല്‍ഹി കലാപക്കേസില്‍ മൂന്ന് പേരെ വെറുതെ വിടുന്നതനിടയിലാണ് കോടതിയുടെ വിമര്‍ശനം.

‘ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങള്‍ കൃത്യമായും പൂര്‍ണമായും അന്വേഷിക്കാതെ മുന്‍കൂര്‍ നിശ്ചയിച്ചതാണ്. യാന്ത്രികമായ രീതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഈ തിരിച്ചറിവിന്റെ പുറത്താണ് ഇവരെ വെറുതെ വിടുന്നത്,’ കര്‍ക്കര്‍ദൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പുലസ്ത്യ പ്രമചള നിരീക്ഷിച്ചു.

കേസില്‍ നടത്തിയ അന്വേഷണം വിലയിരുത്താനും നിയമപ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാനും കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പരാതിക്കാരുടെ വാക്കുകളില്‍ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയ കോടതി അന്വേഷണ ഉദ്യാഗസ്ഥര്‍ പൗരത്വ ഭേദഗതിയെ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ടെന്ന വസ്തുത അവഗണിക്കുകയായിരുന്നുവെന്നും നിരീക്ഷിച്ചു.

ആരോപണവിധേയരായ സംഭവങ്ങളില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതിന് പകരം കൃത്രിമമായ തെളിവുണ്ടാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും കോടതി കുറ്റപ്പെടുത്തി.

അതേസമയം കലാപം, കലാപത്തിനിടെയുള്ള അക്രമങ്ങള്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ട പപ്പാട് എന്ന ആഖില്‍ അഹമ്മദ്, റാഷിദ് ഖാന്‍, ഇര്‍ഷാദ് എന്നിവരെയാണ് ഇന്ന് കോടതി വെറുതെ വിട്ടത്.

2020 ഫെബ്രുവരിയിലാണ് ദയല്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ മൂവര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 2020 ജൂലൈയില്‍ കുറ്റപത്രവും തയ്യാറാക്കി. പുതിയ രേഖകളും പ്രസ്താവനകളും അടക്കം രണ്ട് അനുബന്ധ കുറ്റപത്രം 2022 ഫെബ്രുവരി 15നും സമര്‍പ്പിച്ചിരുന്നു.

പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ ഷബാന, മുഹമ്മദ് ഹസന്‍ എന്നിവരും സ്‌റ്റേറ്റിന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ മധുകര്‍ പാണ്ഡ്യയുമാണ് ഹാജരായത്.

content highlights: Delhi courts criticise delhi police