2008 ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ ഇന്ന് വിധി
India
2008 ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ ഇന്ന് വിധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th July 2013, 10:00 am

[]ന്യൂദല്‍ഹി: 2008 ലെ ##ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ ഇന്ന് ദല്‍ഹി കോടതി വിധി പറയും. ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ വ്യാജമായിരുന്നോ എന്നതിലാണ് ഇന്ന് വിധിയുണ്ടാവുക.

2008 ല്‍ നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ എന്നാരോപിക്കപ്പെട്ട രണ്ട് പേരും ഒരു പോലീസ് ഓഫീസറുമാണ് കൊല്ലപ്പെട്ടത്. 2008 ലെ ദല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്നായിരുന്നു ദല്‍ഹി പോലീസിന്റെ അവകാശവാദം.[]

2008 സെപ്റ്റംബര്‍ 19നാണ് സംഭവം നടന്നത്. ദല്‍ഹി ജാമിഅ നഗറിലെ ബട്‌ല ഹൗസില്‍ ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലും നാല് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരും ഏറ്റുമുട്ടിയെന്നാണ് പോലീസ് ഭാഷ്യം.

രണ്ട് മണിക്കൂര്‍ നീണ്ട വെടിവെപ്പില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ എന്നാരോപിക്കുന്ന ആതിഫ് അമീന്‍, മുഹമ്മദ് സാജിദ് എന്നിവരും ദല്‍ഹി സ്‌പെഷ്യല്‍ സെല്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മയും കൊല്ലപ്പെട്ടു.

ഏറ്റുമുട്ടലിനടയില്‍ രക്ഷപ്പെട്ട ഷെഹ്‌സാദിനെ രണ്ട് വര്‍ഷത്തിന് ശേഷം ഉത്തര്‍ പ്രദേശ് ഭീകര വിരുദ്ധ സേന പിടികൂടിയിരുന്നു.

സംഭവത്തില്‍ ദല്‍ഹി പോലീസ് തയ്യാറാക്കിയ കുറ്റപത്ര പ്രകാരം 2008 സെപ്റ്റംബര്‍ 13ന് നടന്ന ദല്‍ഹി സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ ഷെഹ്‌സാദും കൂട്ടാളികളുമാണ്. 30 പേരാണ് ദല്‍ഹി സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടത്.

ബട്‌ല ഹൗസില്‍ വെച്ചാണ് സംഘം സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. ഇവരെ കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഘം ബട്‌ല ഹൗസില്‍ എത്തിയത്.

എന്നാല്‍ ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പിന്നീട് വന്‍ രാഷ്ട്രീയ വിവാദത്തിന് കാരണമായി ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടിയും രംഗത്തെത്തി. തുടര്‍ന്ന് 2009 ല്‍ ദല്‍ഹി ഹൈക്കോടതി ദേശീയ മനുഷ്യാവകാശ കമ്മീഷനോട് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു.

രണ്ട് മാസത്തെ അന്വേഷണത്തിന് ശേഷം മനുഷ്യാവകാശ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഏറ്റുമുട്ടല്‍ യഥാര്‍ത്ഥമാണെന്നും പോലീസ് നടപടി സത്യസന്ധമാണെന്നും പറയുകയുണ്ടായി.

ജാമിഅ നഗറിലേത് വ്യാജ ഏറ്റുമുട്ടലായിരുന്നോ? പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന സത്യങ്ങള്‍