വീഡിയോ കണ്ടാല്‍ കുഴപ്പമുണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ ഐക്യം; മോദിക്കെതിരായ വീഡിയോ പ്രചരിപ്പിച്ച കേസില്‍ നദീം ഖാന്റെ അറസ്റ്റ് തടഞ്ഞ് ദല്‍ഹി കോടതി
national news
വീഡിയോ കണ്ടാല്‍ കുഴപ്പമുണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ ഐക്യം; മോദിക്കെതിരായ വീഡിയോ പ്രചരിപ്പിച്ച കേസില്‍ നദീം ഖാന്റെ അറസ്റ്റ് തടഞ്ഞ് ദല്‍ഹി കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th December 2024, 9:24 am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ച കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ നദീം ഖാന്റെ അറസ്റ്റ് തടഞ്ഞ് ദല്‍ഹി ഹൈക്കോടതി. വീഡിയോ കണ്ടാല്‍ കുഴപ്പമുണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ ഐക്യം എന്നും കോടതി വ്യക്തമാക്കി.

വീഡിയോയിലൂടെ ശത്രുത പ്രോത്സാഹിപ്പിച്ചതിനും ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിനുമാണ് ദല്‍ഹി പൊലീസ് നദീം ഖാനെതിരെ കേസെടുത്തത്. ഈ കേസിലാണ് ഹൈക്കോടതി നദീം ഖാന്‍ ഇടക്കാല സംരക്ഷണത്തിന് ഉത്തരവിട്ടത്.

ഷഹീന്‍ബാഗ് പൊലീസ് സ്‌റ്റേഷനില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറും മറ്റ് നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് നദീം ഖാന്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് ജസ്മീത് സിങ്ങിന്റെ പരാമര്‍ശം.

രാജ്യത്തിന്റെ സമാധാനം തകര്‍ക്കാന്‍ ഖാന്‍ ശ്രമിച്ചുവെന്ന ആരോപണം തള്ളിയ കോടതി ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് കേവലം ഒരു വീഡിയോയുടെ പേരില്‍ രാജ്യത്തിന്റെ ഐക്യം ദുര്‍ബലപ്പെടില്ലെന്നും  ചൂണ്ടിക്കാട്ടി.

ജനങ്ങളെ ബുദ്ധിയുള്ളവരായി കണക്കാക്കണമെന്നും നിങ്ങള്‍ക്ക് സാധാരണക്കാരില്‍ വിശ്വാസം കുറവാണെന്നും സാധാരണ മനുഷ്യര്‍ അത്ര ദുര്‍ബലരല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

മൗലികാവകാശങ്ങളില്‍ രാജ്യം അഭിമാനിക്കുന്നുണ്ടെന്ന് പറഞ്ഞ കോടതി ആര്‍ട്ടിക്കിള്‍ 19 (എ) സംരക്ഷിക്കേണ്ടതുണ്ടെന്നും സംസാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശം സംരക്ഷിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.

അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ ദല്‍ഹി വിട്ടുപോകരുതെന്നും നിര്‍ദേശിച്ചു. കേസ് ഡിസംബര്‍ ആറ് വെള്ളിയാഴ്ച പരിഗണിക്കുന്നത് വരെയാണ് നദീം ഖാന് കോടതി സംരക്ഷണം ഒരുക്കിയിരിക്കുന്നത്.

എഫ്.ഐ.ആറില്‍ പറയുന്ന കുറ്റങ്ങളൊന്നും വെളിപ്പെട്ടിട്ടില്ലെന്നും വസ്തുതകളുടെ അഭാവത്തില്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം ഊഹാപോഹങ്ങളാണെന്നും നദീം ഖാനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.

നദീം ഖാനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ രാജ്യത്തിന്റെ സമാധാനം തകരുമെന്നും ഇന്ത്യയൊട്ടാകെ സഞ്ചരിക്കുന്ന നദീം ഖാന്‍ അവിടെയെല്ലാം വീഡിയോ പ്രദര്‍ശിപ്പിക്കുകയാണെന്നുമായിരുന്നു പൊലീസിന്റെ വാദം.

അദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോ പ്രദേശവാസികള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് ആരോപിച്ച് ദല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തങ്ങള്‍ക്ക് കിട്ടിയ രഹസ്യ സ്രോതസുകള്‍ വഴിയാണ് വീഡിയോയുടെ വിവരം ലഭിച്ചതെന്നും ഉടന്‍ തന്നെ നടപടിയെടുത്തെന്നും ഡി.സി.പി നേരത്തെ പറഞ്ഞിരുന്നു. ഖാന്‍ പോസ്റ്റ് ചെയ്ത വീഡിയോ നാട്ടുകാരില്‍ വലിയ രോഷം ഉളവാക്കുന്നതും അക്രമത്തിലേക്ക് നയിക്കുമെന്നുമായിരുന്നു പൊലീസ് പറഞ്ഞിരുന്നത്.

നവംബര്‍ 21ന് ‘അക്രം ഒഫീഷ്യല്‍ 50’ എന്ന ചാനലാണ് ‘റെക്കോര്‍ഡ്സ് ഓഫ് ഹിന്ദുസ്ഥാന്‍ ഇന്‍ മോദി സര്‍ക്കാര്‍’ എന്ന പേരില്‍ വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്തതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

2.50 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു എക്‌സിബിഷന്‍ സ്റ്റാളില്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ഒരാളെ കാണിക്കുകയും അദ്ദേഹം ഒരു ബാനറിന് നേരെ ആംഗ്യം കാണിച്ച് ‘നദീം, അഖ്‌ലാഖ്, രോഹിത് വെമുല, പെഹ്ലു ഖാന്‍, ഷഹീന്‍ ബാഗിലെ 2020 ലെ സി.എ.എ/ എന്‍.ആര്‍.സി പ്രതിഷേധങ്ങള്‍, ദല്‍ഹി കലാപം എന്നിവയെക്കുറിച്ച് സംസാരിക്കുന്നതാണ് വീഡിയോ എന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: Delhi court stays Nadeem Khan’s arrest in the case of circulating a video against Modi