| Thursday, 27th December 2018, 6:39 pm

ഐ.എസ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തവരെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.എസ് ബന്ധമാരോപിച്ച് ബുധനാഴ്ച അറസ്റ്റു ചെയ്ത 10 പേരെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. 12 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ദല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് അജയ് പാണ്ഡെയാണ് ഇവരെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടത്.

അറസ്റ്റ് ചെയ്ത പത്ത് പേരെയും കനത്ത സുരക്ഷയിലാണ് കോടതിയില്‍ ഹാജരാക്കിയത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ദല്‍ഹിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലും ആര്‍.എസ്.എസ് കാര്യാലയത്തിലും ചാവേറാക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു.


ദേശീയ അന്വേഷണ ഏജന്‍സിയുടെ നേതൃത്വത്തില്‍ ദല്‍ഹിയിലേയും യു.പിയിലേയും പൊലീസ് വിഭാഗങ്ങളെ പങ്കെടുപ്പിച്ച് 17 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് 10 പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ പത്തില്‍ അഞ്ചു പേര്‍ ദല്‍ഹിക്കാരും ബാക്കിയുള്ളവര്‍ യു.പിക്കാരുമാണ്. ഇതില്‍ ഒരു സിവില്‍ എന്‍ജിനീയര്‍, വെല്‍ഡിങ് തൊഴിലാളി, ഓട്ടോറിക്ഷാ ഡ്രൈവര്‍, ബിരുദ വിദ്യാര്‍ഥി എന്നിവര്‍ ഉള്‍പ്പെടുന്നു.


അതേസമയം, സോഷ്യല്‍ മീഡിയ നിരീക്ഷിച്ചത് വഴിയാണ് യു.പി, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നും ഭീകരവാദികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള ആശയവിനമയങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ ഇടപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഇത് സാധ്യമാകില്ലായിരുന്നുവെന്നും ജെയ്റ്റ്‌ലി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more