| Tuesday, 28th May 2024, 3:00 pm

ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി; അപേക്ഷ തള്ളുന്നത് രണ്ടാം തവണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി. സ്ഥിര ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഉമര്‍ ഖാലിദിന്റെ അപേക്ഷയാണ് കോടതി തള്ളിയത്. ദല്‍ഹിയിലെ കര്‍ക്കര്‍ദൂമ കോടതിയുടേതാണ് നടപടി.

ഇത് ഉമര്‍ ഖാലിദിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയായിരുന്നു. 2020ലെ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തപ്പെട്ട വ്യക്തിയാണ് ഉമര്‍ ഖാലിദ്. ദല്‍ഹി കലാപക്കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ജെ.എന്‍.യു വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദിനെതിരെ യു.എ.പി.എ ചുമത്തിയത്.

തീവ്രവാദബന്ധം ആരോപിക്കുന്ന ഒരു സാക്ഷിമൊഴി പോലും തനിക്കെതിരെ ഇല്ലെന്നും തന്നില്‍ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഉമര്‍ ഖാലിദ് നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. തന്നേക്കാള്‍ വലിയ ആരോപണങ്ങള്‍ നേരിടുന്നവര്‍ ജാമ്യത്തില്‍ കഴിയുകയാണെന്നും ഉമര്‍ ഖാലിദ് കോടതിയെ അറിയിച്ചിരുന്നു.

കേസില്‍ കുറ്റാരോപിതരായ നതാക്ഷ നര്‍വല്‍, ദേവഗ ഖലിത, എസ്. ഐ. ഒ നേതാവ് ആസിഫ് ഇക്ബാല്‍ താന്‍ഹ തുടങ്ങിയവര്‍ക്ക് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചിരുന്നു. അതേസമയം ആറ് തവണ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ മാറ്റിവെച്ചതിന് പിന്നാലെ അദ്ദേഹം സുപ്രീം കോടതിയിലെ അപേക്ഷ പിന്‍വലിച്ചിരുന്നു.

ഉമര്‍ ഖാലിദിനെതിരെയുള്ള കേസ് ഒരേ സമയം തമാശയും പരിതാപകരമാണെന്നും അദ്ദേഹത്തിന്റെ പങ്കാളി ബനോജ്യോത്സ്‌ന ലാഹിരി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതുവരെ കേസില്‍ വിചാരണ ആരംഭിക്കാത്തത് അധികാരികളുടെ അനാസ്ഥയാണെന്നും ലാഹിരി ചൂണ്ടിക്കാട്ടി. തെളിവുകളില്ലാതെ ഒരാള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുക എന്നത് പരിതാപകരമായ ഒന്നാണെന്നും ബനോജ്യോത്സ്‌ന പറഞ്ഞു.

Content Highlight: Delhi court rejects Umar Khalid’s bail plea

We use cookies to give you the best possible experience. Learn more