national news
ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ നിസാരമായി കാണാനാവില്ല; സുള്ളി ഡീല്‍സ് സൃഷ്ടാവിന് ജാമ്യം നിഷേധിച്ച് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 17, 04:15 am
Monday, 17th January 2022, 9:45 am

ന്യൂദല്‍ഹി: മുസ്‌ലിം സ്ത്രീകളെ വില്‍പനയ്ക്ക് വെച്ച സുള്ളി ഡീല്‍സ് ആപ്പിന്റെ നിര്‍മാതാവ് ഓംകരേശ്വര്‍ താക്കൂറിന്റെ ജാമ്യഹരജി ദല്‍ഹി കോടതി തള്ളി.

കഴിഞ്ഞയാഴ്ചയായിരുന്നു ഇയാള്‍ അറസ്റ്റിലായത്. ദല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ ഐ.എഫ്.എസ്.ഒ യൂണിറ്റായിരുന്നു ഇന്‍ഡോറില്‍ വെച്ച് താക്കൂറിനെ അറസ്റ്റ് ചെയ്തത്.

കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദധാരി കൂടിയാണ് 25കാരനായ ഓംകരേശ്വര്‍ താക്കൂര്‍.

സമാന രീതിയില്‍ മുസ്‌ലിം സ്ത്രീകളെ വില്‍പനയ്ക്ക് വെക്കുന്ന ബുള്ളി ഭായ് എന്ന ആപ്പിന്റെ നിര്‍മാതാവ് നീരജ് ബിഷ്‌ണോയ് കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. ഇയാളുടെ മൊഴിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓംകരേശ്വര്‍ താക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മെട്രോപോലിറ്റന്‍ മജിസ്‌ട്രേറ്റ് വസുന്ധര ചൗന്‍കര്‍ ആയിരുന്നു താക്കൂറിന്റെ ജാമ്യഹരജി തള്ളിയത്.

സംഭവത്തില്‍ അന്വേഷണം ആരംഭ ഘട്ടത്തിലാണെന്നും ഒരുപാട് സമയവും അധ്വാനവുമെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ജാമ്യഹരജി കോടതി തള്ളിയത്.

പ്രതി ചെയ്തുവെന്ന് പറയുന്ന കുറ്റങ്ങള്‍ ഗൗരവമുള്ളതാണെന്നും കേസിന്റെ ഈ സ്വഭാവത്തെ കോടതിക്ക് അവഗണിക്കാനാവില്ലെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു.

”സാങ്കേതികവിദ്യയുടെ ദുരുപയോഗവും ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും നിസാരമായി കാണാനാവില്ല.

”തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ബോധപൂര്‍വമാണ് പ്രതി ടോപ് ബ്രൗസറുകള്‍ ഉപയോഗിച്ചത്. രാജ്യത്തുടനീളം നിരവധി പരാതികളാണ് സുള്ളി ഡീല്‍സ് ആപ്പിനെതിരെ ലഭിച്ചിരിക്കുന്നത്.

അന്വേഷണം അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. പ്രധാനപ്പെട്ട തെളിവുകളും ആപ്പുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും ഇനിയും കണ്ടെത്തേണ്ടതുണ്ട്,” കോടതി നിരീക്ഷിച്ചു.

ഈ ഘട്ടത്തില്‍ പ്രതിക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തിന് തടസമാകുമെന്നും കോടതി പറഞ്ഞു.

മുസ്‌ലിം സ്ത്രീകളെ വില്‍പനക്കായി ലേലത്തില്‍ വെക്കുന്ന രീതിയില്‍ സൃഷ്ടിച്ച ബുള്ളി ഭായ് ആപ്പ് 2021 ജൂലൈയില്‍ ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോം വഴിയാണ് ഉണ്ടാക്കിയത്. അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോം ആണ് ഗിറ്റ്ഹബ്.

സംഭവത്തില്‍ ദല്‍ഹി പൊലീസ് സ്വമേധയാ കേസെടുത്തതോടെയാണ് സംഭവം ചര്‍ച്ചയാവുന്നത്. കഴിഞ്ഞ ആറ് മാസമായി ദല്‍ഹി പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്.

ബുള്ളി ഭായ് ആപ്പിന്റെ നിര്‍മാതാവ് നീരജ് ബിഷ്‌ണോയിയും സുള്ളി ഡീല്‍സിന്റെ സൃഷ്ടാവ് ഓംകരേശ്വര്‍ താക്കൂറും ഇന്റര്‍നെറ്റിലെ വിര്‍ച്വല്‍ ചാറ്റ് റൂമുകള്‍ വഴി പരസ്പരം ബന്ധപ്പെട്ടിരുന്നു എന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ജനുവരി 14ന് നീരജ് ബിഷ്‌ണോയിയുടെ ജാമ്യഹരജിയും ദല്‍ഹി കോടതി തള്ളിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Delhi court rejects bail plea of Sulli Deals app creator Aumkareshwar Thakur