| Saturday, 16th March 2024, 7:39 am

മദ്യനയക്കേസ്; ഇ.ഡി നടപടി റദ്ദാക്കണമെന്ന കെജ്‌രിവാളിന്റെ ആവശ്യം തള്ളി; ഇന്ന് കോടതിയില്‍ ഹാജരാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി റദ്ദാക്കണമെന്ന അരവിന്ദ് കെജ്‌രിവാളിന്റെ ഹരജി തള്ളി ദല്‍ഹി റോസ് അവന്യൂ സെഷന്‍സ് കോടതി. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി അയച്ച എട്ടോളം സമന്‍സുകള്‍ അയച്ചിട്ടും കെജ്‌രിവാള്‍ ഹാജരാകാത്തതാണ് ഹരജി തള്ളാന്‍ കാരണം.

കേസില്‍ അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ നേരിട്ട് ഹാജരാകാതിരിക്കാന്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിനെ സമീപിക്കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി രാകേഷ് സിയാല്‍ കെജ്‌രിവാളിനോട് നിര്‍ദേശിച്ചു. മാര്‍ച്ച് 16ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം ലഭിച്ചതിന് പിന്നാലെയാണ് നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാള്‍ കോടതിയെ സമീപിച്ചത്.

അതേസമയം, മദ്യനയക്കേസില്‍ ബി.ആര്‍.എസ് നേതാവ് കെ. കവിതയെ വെള്ളിയാഴ്ച ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇ.ഡിയും ഐ.ടിയും സംയുക്തമായി നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു അറസ്റ്റ്.

കേസുമായി ബന്ധപ്പെട്ട് ഇ.ഡി കവിതക്ക് മാര്‍ച്ചില്‍ രണ്ട് സമന്‍സുകള്‍ അയച്ചിരുന്നു. എന്നാല്‍ സമന്‍സുകള്‍ക്ക് മറുപടി നല്‍കാനോ ഇ.ഡിക്ക് മുന്നില്‍ ഹാജരാകാനോ അവര്‍ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് റെയ്ഡും അറസ്റ്റും.

കേസില്‍ എ.എ.പിയുടെ രണ്ട് മുതിര്‍ന്ന നേതാക്കളാണ് ഇതുവരെ അറസ്റ്റിലായത്. ദല്‍ഹി മുന്‍ ഉപ മുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 26നാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഒക്ടോബര്‍ അഞ്ചിന് സഞ്ജയ് സിങും അറസ്റ്റിലായി.

Content Highlight: Delhi Court refuses to stay summons issued to Arvind Kejriwal by ED

We use cookies to give you the best possible experience. Learn more