ന്യൂദൽഹി: ഇന്ത്യ വിരുദ്ധ വികാരം പ്രചരിപ്പിക്കുകയും ഹിന്ദു ദൈവങ്ങളെ സോഷ്യൽ മീഡിയയിൽ അവഹേളിക്കുകയും ചെയ്തുവെന്ന അഭിഭാഷകയുടെ പരാതിയെ തുടർന്ന് മാധ്യമപ്രവർത്തക റാണാ അയ്യൂബിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് ദൽഹി കോടതി.
ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം സെക്ഷൻ 153 എ (മതത്തിൻ്റെ അടിസ്ഥാനത്തിൽ ശത്രുത വളർത്തൽ), 295 എ (മതവികാരങ്ങളെ പ്രകോപിപ്പിക്കുന്ന പ്രവൃത്തികൾ), 505 (പൊതു വിദ്വേഷത്തിലേക്ക് നയിക്കുന്ന പ്രസ്താവനകൾ) എന്നിവ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ചൊവ്വാഴ്ച ദൽഹി പൊലീസ് കോടതിയെ അറിയിച്ചു.
വിഷയം ന്യായമായി അന്വേഷിക്കാൻ സിറ്റി പൊലീസിനോട് കോടതി നിർദ്ദേശിച്ചു. ‘പരാതിയുടെ ഉള്ളടക്കം എഫ്.ഐ.ആറാക്കി മാറ്റാനും വിഷയം നീതിപൂർവം അന്വേഷിക്കാനും സൗത്ത് സൈബർ പൊലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒയോട് കോടതി നിർദേശിക്കുന്നു.
ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത്, സെക്ഷൻ 156 (3) സി.ആർ.പി.സി പ്രകാരം ജുഡീഷ്യൽ അധികാരം വിനിയോഗിച്ച് ഈ വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിടുന്നത് ഉചിതമാണെന്ന് കോടതി അഭിപ്രായപ്പെടുന്നു,’ കോടതി പറഞ്ഞു.
ഡി.എ.ജി ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിച്ച എം.എഫ് ഹുസൈൻ്റെ രണ്ട് കലാസൃഷ്ടികളുമായി ബന്ധപ്പെട്ട് നേരത്തെ കേസ് ഫയൽ ചെയ്ത അഭിഭാഷക അമിതാ സച്ദേവയാണ് പരാതി നൽകിയത്.
ഹൈന്ദവ ദേവതകളെയും രൂപങ്ങളെയും അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ എക്‌സിൽ പോസ്റ്റ് ചെയ്തെന്നാരോപിച്ചാണ് അവർ റാണാ അയ്യൂബിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടത്. 2013, 2014, 2015, 2022 മുതലുള്ള പോസ്റ്റുകളിലൂടെ , ഹിന്ദു ദൈവമായ രാമനെ അവഹേളിച്ചെന്നും , രാവണനെ മഹത്വപ്പെടുത്തിയെന്നും , സീതയെയും ദ്രൗപതിയെയും അനാദരവോടെ കാണിക്കുന്നുവെന്നും അമിതാ ആരോപിച്ചു. കൂടാതെ ‘സ്വാതന്ത്ര്യ സമര സേനാനി’ സവർക്കറെ തീവ്രവാദി അനുഭാവി എന്ന് റാണാ അയ്യൂബ് വിശേഷിപ്പിച്ചെന്നും അവർ കൂട്ടിച്ചേർത്തു.
Content Highlight: Delhi Court orders FIR against Rana Ayyub for ‘insulting’ Hindu deities