ന്യൂദല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ രാഷ്ട്രീയ-മനുഷ്യാവകാശ പ്രവര്‍ത്തക ഷെഹ്‌ല റാഷിദിനെ അറസ്റ്റു ചെയ്യുന്നതിന് മുമ്പ് 10 ദിവസത്തെ നോട്ടീസ് നല്‍കണമെന്ന് ദല്‍ഹി കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ഷെഹ്‌ലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.
നേരത്തെ അറസ്റ്റില്‍ നിന്ന് ഷെഹ്‌ലക്ക് നവംബര്‍ അഞ്ചു വരെ കോടതി ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു. ജമ്മു കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന് വ്യക്തമാക്കി സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് ഷെഹ്‌ലക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ, 153 എ, 153, 504, 505 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഷെഹ്‌ല റാഷിദിന്റെ പോസ്റ്റ് ഇന്ത്യന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും രാജ്യദ്രോഹ നടപടിയാണെന്നും ചൂണ്ടിക്കാട്ടി സുപ്രീം കോടതി അഭിഭാഷകനാണ് പരാതി നല്‍കിയത്. തുടര്‍ന്ന് സെപ്റ്റംബര്‍ ആറിനാണ് ഷെഹ്‌ലക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
‘ആരോപണങ്ങളുടെ സ്വഭാവം കണക്കിലെടുത്ത് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നത് പരിഗണിച്ച്, മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കേണ്ട ആവശ്യമില്ല. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് പത്ത് ദിവസം മുമ്പ് നോട്ടീസ് നല്‍കണം.’- അഡീഷണല്‍ സെഷന്‍സ് ജഡ്ജി സതീഷ് കുമാര്‍ അറോറ പറഞ്ഞു.
മുതിര്‍ന്ന അഭിഭാഷകരായ സതീഷ് തംതയും സരിം നാവേദുമാണ് ഷെഹ്‌ലക്ക് വേണ്ടി ഹാജരായത്. ഷെഹ്‌ലയുടെ ട്വീറ്റുകള്‍ കശ്മീരിലെ ആളുകളില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു.
ഒരു സ്വതന്ത്ര അന്വേഷണത്തിലൂടെ മാത്രമേ ഇത് പരിശോധിക്കാന്‍ കഴിയൂ എന്നും കശ്മീരില്‍ നിന്ന് ആശയവിനിമയം നടക്കാത്ത സാഹചര്യത്തിലായിരുന്നു കശ്മീരിലെ സ്ഥിതിയെക്കുറിച്ച് ഷെഹ്‌ല വിവരങ്ങള്‍ അറിയിച്ചതെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
കശ്മീരില്‍ ആളുകളെ യാതൊരു കാരണവും കൂടാതെ സൈന്യം പിടിച്ചുകൊണ്ടുപോകുകയാണെന്നും വീടുകളിലും മറ്റും റെയ്ഡെന്ന പേരില്‍ സൈന്യം അതിക്രമം നടത്തുകയാണെന്നും ആളുകളെ ഉപദ്രവിക്കുകയാണെന്നും ഷെഹ്‌ല റാഷിദ് ട്വീറ്റ് ചെയ്തിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ബി.ജെ.പിയുടെ അജണ്ടയാണ് കശ്മീരില്‍ നടപ്പാക്കുന്നതെന്നും ജനങ്ങളുടെ അവകാശങ്ങള്‍ തച്ചുടയ്ക്കപ്പെടുകയാണെന്നും ഷെഹ്‌ല ട്വീറ്റ് ചെയ്തിരുന്നു. കശ്മീരില്‍ സൈന്യത്തിന് കീഴില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തെളിവ് സഹിതം പുറത്തുകൊണ്ടുവരാന്‍ താന്‍ തയ്യാറാണെന്നും ഷെഹ്‌ല പറഞ്ഞിരുന്നു.
എന്നാല്‍ ഷെഹ്‌ലയുടെ ആരോപണങ്ങള്‍ സൈന്യം നിഷേധിച്ചിരുന്നു. തെറ്റായ വിവരങ്ങളാണ് അവര്‍ പങ്കുവെക്കുന്നതെന്നും അടിസ്ഥാരഹിതമായ ആരോപണങ്ങളാണ് ഇതെന്നുമായിരുന്നു സൈന്യത്തിന്റെ വിശദീകരണം.