രണ്ട് ദിവസമായി എട്ട് മണിക്കൂര്‍ നീണ്ട വാദം; ഗര്‍ഭിണിയായ സഫൂറ സര്‍ഗാറിന് വീണ്ടും ജാമ്യം നിഷേധിച്ച് ദല്‍ഹി കോടതി
CAA Protest
രണ്ട് ദിവസമായി എട്ട് മണിക്കൂര്‍ നീണ്ട വാദം; ഗര്‍ഭിണിയായ സഫൂറ സര്‍ഗാറിന് വീണ്ടും ജാമ്യം നിഷേധിച്ച് ദല്‍ഹി കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th June 2020, 11:07 pm

ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ജാമിഅ മിലിയ വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗാറിന്റെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളി. ജാമ്യം നല്‍കാന്‍ യോഗ്യതകള്‍ ഒന്നുമില്ല എന്ന് പറഞ്ഞാണ് ഗര്‍ഭിണിയായ സഫൂറയുടെ ജാമ്യാപേക്ഷ ദല്‍ഹി കോടതി തള്ളിയത്.

യു.എ.പി.എ കുറ്റമാണ് സഫൂറയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാമിഅ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ സഫൂറയെ ദല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ആണ് അറസ്റ്റ് ചെയ്തത്.

ജാമ്യാപേക്ഷയില്‍ ഒരു യോഗ്യതയും കണ്ടെത്താനായില്ലെന്ന് പറഞ്ഞ് പട്യാല ഹൗസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണ അപേക്ഷ തള്ളുകയായിരുന്നു. ഗര്‍ഭിണിയായ സഫൂറയ്ക്ക് ആവശ്യമായ വൈദ്യസഹായങ്ങള്‍ ലഭ്യമാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വടക്കുകിഴക്കന്‍ ദല്‍ഹിയിലെ ജാഫ്രാബാദില്‍ പ്രതിഷേധം സംഘടിപ്പിച്ചെന്നും മെട്രോ സ്റ്റേഷനിലേക്കുള്ള വഴി തടഞ്ഞുവെന്നുമുള്ള കുറ്റങ്ങള്‍ സഫൂറയുടെ മേല്‍ ചുമത്തിയിട്ടുണ്ട്. ദല്‍ഹിയില്‍ നടന്ന വര്‍ഗീയ കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്നും സഫൂറ പ്രകോപനപരമായി പ്രസംഗിച്ചുവെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു.

രണ്ട് ദിവസങ്ങളിലായി എട്ട് മണിക്കൂറാണ് സഫൂറയുടെ ജാമ്യാപേക്ഷയില്‍ കോടതി വാദം കേട്ടത്. 27-കാരിയായ സഫൂറ ഇത് മൂന്നാം തവണയാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക