| Thursday, 9th June 2022, 5:30 pm

കുത്തബ് മിനാറിലെ ക്ഷേത്രങ്ങള്‍ പുനസ്ഥാപിക്കണമെന്ന് അപ്പീല്‍: വിധി പറയുന്നത് മാറ്റി കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കുത്തബ് മിനാറിലെ ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദില്‍ നിന്നും ഹിന്ദു ക്ഷേത്രങ്ങള്‍ പുനസ്ഥാപിക്കണമെന്ന വിഷയത്തില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചതായി നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ആഗസ്റ്റ് 24ന് കേസ് പരിഗണിക്കുമെന്ന് ദല്‍ഹി കോടതി അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു നേരത്തെ വിഷയത്തില്‍ വിധി പറയാന്‍ നിശ്ചയിച്ചിരുന്നത്.

വിഷയവുമായി ബന്ധപ്പെട്ട് പുതിയ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും ഇതിനാലാണ് വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിയതെന്നും കോടതി വ്യക്തമാക്കി.

ക്ഷേത്ര സമുച്ചയത്തിലാണ് കുത്തബ് മിനാറിലെ ഖുവ്വത്തുല്‍ ഇസ്‌ലാം പള്ളി നിര്‍മിച്ചതെന്ന ഹിന്ദുത്വവാദികളുടെ അപ്പീലില്‍ മെയ് 24ന് കോടതി വാദം കേട്ടിരുന്നു.

1198ല്‍ മുഗള്‍ ചക്രവര്‍ത്തി കുത്തബുദ്ദീന്‍ ഐബക്കിന്റെ ഭരണത്തില്‍ 27 ഹിന്ദു ക്ഷേത്രങ്ങളും ജൈന ക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടുവെന്നും ഇവിടെയാണ് ഖുവ്വത്തുല്‍ ഇസ്‌ലാം പള്ളി നിര്‍മിച്ചിരിക്കുന്നതെന്നുമായിരുന്നു അപ്പീല്‍ നല്‍കിയവര്‍ ഉന്നയിച്ചിരുന്നത്.

ചരിത്ര സ്മാരകമായ കുത്തബ് മിനാറില്‍ നിന്നും 1200 വര്‍ഷം പഴക്കമുള്ള ഹിന്ദു വിഗ്രഹങ്ങള്‍ കണ്ടെത്തിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.
1200 വര്‍ഷം പഴക്കമുള്ള നരസിംഹ ഭഗവാന്റെ വിഗ്രഹമാണ് കണ്ടെത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്.
മസ്ജിദിന്റെ മൂന്ന് തൂണുകളിലൊന്നില്‍ കൊത്തി വച്ച നിലയിലാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയതെന്നാണ് ഹിന്ദുത്വ വാദികളുടെ ആരോപണം.

ഇതിന്റെ പശ്ചാത്തലത്തില്‍ കുത്തബ് മിനാറില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സര്‍വേ നടപടികള്‍ സ്വീകരിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ജില്ലാ കോടതിയില്‍ ആവശ്യമുന്നയിച്ചിരുന്നു. വിഗ്രഹത്തില്‍ ആരാധന നടത്താന്‍ അനുമതി നല്‍കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.

നേരത്തെ കുത്തബ് മിനാറിന്റെ പേര് മാറ്റി വിഷ്ണു സ്തംഭം എന്നാക്കണമെന്ന ആവശ്യവുമായി തീവ്ര വലതുപക്ഷ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

Content Highlight: Delhi Court defers order on plea for restoration of temples at Qutub Minar

We use cookies to give you the best possible experience. Learn more