ന്യൂദല്‍ഹി: ദല്‍ഹിയിലെ കലാപക്കേസുകളിലെ അന്വേഷണ രീതിയെ വിമര്‍ശിച്ച് കോടതി. 2020ല്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലുണ്ടായ കലാപങ്ങളെക്കുറിച്ച് നടത്തുന്ന അന്വേഷണം നിലവാരം കുറഞ്ഞതാണെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.
2020 ഫെബ്രുവരി 25ന് നടന്ന വര്‍ഗീയമായ അക്രമങ്ങള്‍ക്കിടെ പൊലീസിനെ ആക്രമിച്ച കേസില്‍ അഷ്‌റഫ് അലി എന്നയാള്‍ക്കെതിരായ കേസ് പരിഗണിക്കവേയാണ് കോടതി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.
ദല്‍ഹി കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവിന്റേതായിരുന്നു നിരീക്ഷണം. കേസുകളിന്മേല്‍ ദല്‍ഹി പൊലീസ് കമ്മീഷണറുടെ ഇടപെടലും കോടതി നിര്‍ദേശിച്ചു.
”കൂടുതല്‍ കലാപക്കേസുകളിലും അന്വേഷണം നിലവാരം കുറഞ്ഞതാണെന്ന് കാണുന്നത് വേദനാജനകമായ കാര്യമാണ്. ഭൂരിഭാഗം കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാകുന്നു പോലുമില്ല,” ജഡ്ജി പറഞ്ഞു.
കേസുകളില്‍ ചാര്‍ജ് ഷീറ്റുകള്‍ വ്യക്തമല്ലെന്നും ഇവ ശരിയായ രീതിയില്‍ അവസാനിപ്പിക്കുന്നതില്‍ പൊലീസ് ശ്രദ്ധിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ”അന്വേഷണ ഉദ്യോഗസ്ഥര്‍ കലാപക്കേസുകളില്‍ ചുമത്തപ്പെട്ട വകുപ്പുകളെക്കുറിച്ച് പ്രോസിക്യൂട്ടര്‍മാരോട് വിശദീകരിക്കുന്നില്ല. കോടതി ഹിയറിങ് നടക്കുന്ന ദിവസം ചാര്‍ജ് ഷീറ്റ് മെയില്‍ ചെയ്യുക മാത്രമാണ് അവര്‍ ചെയ്യുന്നത്,” കോടതി വിമര്‍ശിച്ചു.
ദല്‍ഹിയിലെ വടക്ക്-കിഴക്കന്‍ ജില്ലയിലെ ഡി.സി.പിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കോടതി നിരീക്ഷണം ശ്രദ്ധിക്കണമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചെന്നും ജഡ്ജി പറഞ്ഞു.
2020 ഫെബ്രുവരിയിലായിരുന്നു ദല്‍ഹിയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉടലെടുത്തത്. സംഭവങ്ങളില്‍ കുറഞ്ഞത് 53 പേര്‍ മരിക്കുകയും 700ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.