കാസ്മിക്ക് പീഡനം: പോലീസ് നടപടിയെ കോടതി വിമര്‍ശിച്ചു
India
കാസ്മിക്ക് പീഡനം: പോലീസ് നടപടിയെ കോടതി വിമര്‍ശിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th March 2012, 12:28 am

ന്യൂദല്‍ഹി: ഇസ്രയേല്‍ എംബസി വാഹനം സ്‌ഫോടനത്തില്‍ തകര്‍ത്ത കേസില്‍ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്ത പ്രമുഖ പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് അഹ്മദ് കാസ്മിയെ നിയമവിരുദ്ധമായും മനുഷ്യാവകാശങ്ങള്‍ ലംഘിച്ചും ചോദ്യം ചെയ്യുന്നുവെന്ന പരാതിയില്‍ വിശദമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിനോട് ദല്‍ഹി തീസ് ഹസാരി കോടതി ആവശ്യപ്പെട്ടു. കാസ്മിയുടെ അഭിഭാഷകന്‍ നല്‍കിയ പരാതി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

സുപ്രീംകോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി യൂണിഫോമല്ലാത്ത ഉദ്യോഗസ്ഥര്‍ കാസ്മിയെ ചോദ്യം ചെയ്യുന്നത് എന്തുകൊണ്ടാണെന്നും ചോദ്യം ചെയ്യുന്നവരെക്കുറിച്ചുള്ള രജിസ്റ്റര്‍ സൂക്ഷിക്കാത്തത് എന്തുകൊണ്ടാണെന്നും തീസ് ഹസാരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വിനോദ് യാദവ് ചോദിച്ചു. കാസ്മിയെ ചോദ്യം ചെയ്യാന്‍ മറ്റൊരു ഏജന്‍സിയെയും അനുവദിച്ചിട്ടില്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു. കാസ്മിയെ മൊസാദ് അടക്കമുള്ളവര്‍ ചോദ്യം ചെയ്യുന്നുണ്ടെന്നും മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും അഭിഭാഷകന്‍ സമര്‍പ്പിച്ച പരാതിയില്‍ ബോധിപ്പിച്ചിരുന്നു.

നാലു കാര്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഒന്ന്, 1997ലെ ഡി.കെ ബസു കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി അനുസരിച്ച് ചോദ്യം ചെയ്യാനെത്തുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ യൂണിഫോമില്‍ വരണമെന്നും അവരുടെ പേരും സ്ഥാനവും രേഖപ്പെടുത്തുന്ന ടാഗ് യൂണിഫോമില്‍ പതിക്കണമെന്നും വ്യവസ്ഥയുണ്ട്. രണ്ട്, ചോദ്യം ചെയ്യുന്നവര്‍ ആരൊക്കെയാണെന്നും എന്തൊക്കെയാണെന്നും രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതുണ്ട്. മൂന്ന്, കാസ്മിയുടെ അറസ്റ്റ് മെമ്മോ നല്‍കാത്തത് കോടതിയുടെ ശ്രദ്ധയില്‍ പെട്ടുവെന്നും അത് ഉടനെ നല്‍കണമെന്നുമാണ് മൂന്നാമത്തെ നിര്‍ദേശം. നാല്, കാസ്മിയുടെ മൊഴി രേഖപ്പെടുത്തുന്നത് അഭിഭാഷകന്റെ സാന്നിധ്യത്തിലായിരിക്കണമെന്ന ആവശ്യത്തോടുള്ള പ്രതികരണം അറിയിക്കണം. ഈ നാലു കാര്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം തിങ്കളാഴ്ച നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ദല്‍ഹി പോലീസ് സ്‌പെഷല്‍ സെല്ലിന്റെ കസ്റ്റഡിയില്‍ കഴിയുന്ന കാസ്മിയെ ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ചോദ്യം ചെയ്യുമെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ഇന്ത്യന്‍ പത്രം റിപ്പോര്‍ട്ട് ചെയതിരുന്നു. ഓരോ ദിവസും പുതിയ ആളുകള്‍ തന്നെ ചോദ്യം ചെയ്യാന്‍ വരുന്നുണ്ടെന്ന് കാസ്മി അഭിഭാഷകനോട് പറഞ്ഞിരുന്നു. കാസ്മിയെ ഉറങ്ങാന്‍ അനുവദിക്കാതെ മാനസികമായി പീഡിപ്പിക്കുകയാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകനായ അഗര്‍വാള്‍ കോടതിയില്‍ പറഞ്ഞു.

Malayalam news

Kerala news in English