ന്യൂദൽഹി: 2019ലെ പൗരത്വ വിരുദ്ധ ഭേദഗതി നിയമ (സി.എ.എ) പ്രതിഷേധങ്ങൾക്ക് പിന്നിലെ സൂത്രധാരൻ ഷാർജിൽ ഇമാമെന്ന് ആരോപിച്ച് ദൽഹി കോടതി. തുടർന്ന് അദ്ദേഹത്തിനെതിരെ ദൽഹി സാകേത് കോടതി കുറ്റം ചുമത്തി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) സെക്ഷൻ 109 (പ്രേരണ), 120 ബി (ക്രിമിനൽ ഗൂഢാലോചന), 153 എ (ശത്രുത വളർത്തൽ), 143/147/148/149 (കലാപമുണ്ടാക്കൽ), 186 (പൊതുജനസേവകനെ തടസപ്പെടുത്തൽ), 353 (പൊതുജനസേവകനെ ആക്രമിക്കൽ), പൊതുസ്വത്ത് നാശനഷ്ടങ്ങൾ തടയൽ നിയമം എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
മാർച്ച് ഏഴിന് സാകേതിലെ അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എ.ഐ.എം.ഐ.എം സ്ഥാനാർത്ഥിയായി മത്സരിച്ച ഷിഫ ഉർ റഹ്മാൻ ഉൾപ്പെടെ 15 പേരെ കേസിൽ കുറ്റവിമുക്തരാക്കിക്കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഷർജിൽ ഇമാം തൻ്റെ പ്രസംഗത്തിലൂടെ ആളുകളെ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് ജസ്റ്റിസ് വിശാൽ സിങ് പറഞ്ഞു. പ്രതിഷേധത്തിനായി ഒത്തുചേർന്ന ആളുകൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമമാണ് സംഘർഷത്തിന് കാരണമായതെന്നും തന്റെ പ്രസംഗത്തിന് പങ്കില്ലെന്നും ഷർജിൽ ഇമാം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഷർജിലിന്റെ പ്രസംഗം ആളുകളിൽ ക്ഷോഭവും വിദ്വേഷവും ഉണർത്താൻ ഉദ്ദേശിച്ചുള്ളതാണെന്നും ഇത് നിയമവിരുദ്ധമായ ഒത്തുചേരലിലേക്കും അക്രമത്തിലേക്കും നയിച്ചുവെന്നും കോടതി പറഞ്ഞു.
‘ഷർജിൽ ഇമാമിന്റെ പ്രസംഗം മുസ്‌ലിം സമൂഹത്തെ പ്രകോപിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തു,’ കോടതി പറഞ്ഞു.
ഒപ്പം ആഷു ഖാൻ, ചന്ദൻ കുമാർ, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്കെതിരെ സമാനമായ ഐ.പി.സി വകുപ്പുകൾ പ്രകാരം, സെക്ഷൻ 109, പൊതു സ്വത്ത് നാശനഷ്ടങ്ങൾ തടയൽ നിയമം എന്നിവയ്‌ക്കെതിരെയും കോടതി കുറ്റം ചുമത്തി.
2019 ഡിസംബർ 15ന് ജാമിയ മില്ലിയ ഇസ്‌ലാമിയയിലെ വിദ്യാർത്ഥികൾ സി.എ.എക്കെതിരെ സമാധാനപരമായ പ്രതിഷേധം നടത്തി. അവർ മാർച്ച് ആരംഭിച്ചപ്പോൾ, ദൽഹി പൊലീസ് അവരെ തടയുകയും കണ്ണീർവാതകവും ബലപ്രയോഗവും നടത്തുകയും ചെയ്തു. ഇത് സംഘർഷത്തിനും തീവയ്പ്പിനും കാരണമായി. പിന്നീട്, ദൽഹി പൊലീസ് സർവകലാശാല കാമ്പസിൽ കയറി കണ്ണീർവാതകം പ്രയോഗിക്കുകയും നിരവധി വിദ്യാർത്ഥികളെ ആക്രമിക്കുകയും ചെയ്തു.
Content Highlight: Delhi court calls Sharjeel Imam ‘mastermind’ behind 2019 anti-CAA protests