ദല്‍ഹി: ഗാര്‍ഹിക പീഡനക്കേസില്‍ ആരോപണവിധേയനായ ബോളിവുഡ് ഗായകന്‍ യോ യോ ഹണി സിംഗിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടും ആദായനികുതി റിപ്പോര്‍ട്ടും ആവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതി. ഹണി സിംഗിന്റെ ഭാര്യ ശാലിനി തല്‍വാര്‍ ഫയല്‍ ചെയ്ത കേസിലായിരുന്നു കോടതിയുടെ നിര്‍ദേശം.
ഇക്കഴിഞ്ഞ ആഗസ്റ്റ് 3നായിരുന്നു ദല്‍ഹിയിലെ ടിസ് ഹസാരി കോടതിയില്‍ ശാലിനി കേസ് ഫയല്‍ ചെയ്തത്. സെപ്റ്റംബര്‍ 3ന് നടക്കാനിരിക്കുന്ന അടുത്ത ഹിയറിങ്ങില്‍ ഹാജരാവാനും കോടതി ഹണി സിംഗിനോട് ആവശ്യപ്പെട്ടതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
രേഖകളെല്ലാം എത്രയും പെട്ടന്ന് ഹാജരാക്കാം എന്ന് ഉറപ്പ് നല്‍കിയ ഹണി സിംഗിന്റെ അഭിഭാഷകന്‍ പക്ഷേ ആരോഗ്യം മോശമായതിനാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് സിംഗിനെ ഒഴിവാക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ആരും നിയമത്തിന് അതീതരല്ലെന്നും ഹണി സിംഗിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഹണി സിംഗ് സെപ്തംബര്‍ അഞ്ചിന് തന്നെ ഹാജരാകുമെന്ന് അഭിഭാഷകന്‍ ഉറപ്പ് നല്‍കുകയായിരുന്നു.
ശാരീരികവും മാനസികവും വൈകാരികവും വാക്കാലും ഹണി സിംഗ് തന്നെ അപമാനിച്ചു എന്നാണ് ശാലിനി പരാതിയില്‍ പറയുന്നത്. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം 10 കോടി രൂപയുടെ നഷ്ടപരിഹാരവും ശാലിനി ആവശ്യപ്പെട്ടിട്ടുണ്ട്.
”ഒരു ഫാമിലെ മൃഗത്തെപ്പോലെയായിരുന്നു ഞാന്‍. അത്രയും ക്രൂരമായാണ് എന്നോട് പെരുമാറിയത്.” ശാലിനി പരാതിയില്‍ പറഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭര്‍ത്താവും കുടുംബവും തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഇതിനെത്തുടര്‍ന്ന് തനിക്ക് വിഷാദരോഗം ബാധിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
എന്നാല്‍ പരാതി വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്നും ഹണി സിംഗ് വാദിച്ചു. പ്രായമായ മാതാപിതാക്കളും സഹോദരിയുമടങ്ങുന്ന തന്റെ കുടുംബത്തിന് നേരെ വരെ പരാതിയുയര്‍ന്ന സാഹചര്യത്തില്‍ മിണ്ടാതിരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സിംഗ് വ്യക്തമാക്കി.
ആരോപണങ്ങള്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നും തന്നെ വ്യക്തിഹത്യ നടത്താനാണെന്നും സിംഗ് ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു. 10 വര്‍ഷത്തിലധികമായി ശാലിനി തല്‍വാര്‍ ഷൂട്ടിംഗിലും ചര്‍ച്ചകളിലും മറ്റ് പരിപാടികളിലും എന്റെ കൂടെയുള്ള ആളാണ്. ഞങ്ങള്‍ തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കുമറിയാമെന്നും സിംഗ് പറഞ്ഞു.
തനിക്ക് നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സത്യം പുറത്തുവരുമെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. ആരോപണങ്ങളെല്ലാം നിഷേധിക്കുന്നെങ്കിലും കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ഇപ്പോള്‍ നടത്തുന്നില്ലെന്നും ഹണി സിംഗ് വ്യക്തമാക്കി.
യോ യോ ഹണി സിംഗ് എന്ന പേരിലറിയപ്പെടുന്ന ഹിര്‍ദേശ് സിംഗ് ബോളിവുഡിലെ അറിയപ്പെടുന്ന റാപ്പറും മ്യൂസിക് കംപോസറുമാണ്.