ന്യൂദൽഹി: ബി.ബി.സി ഡോക്യുമെൻ്ററി വിവാദ കേസിലെ വാദം കേൾക്കുന്നത് ദൽഹി രോഹിണി കോടതി 2024 ഡിസംബർ 18ലേക്ക് മാറ്റിവെച്ചതായി റിപ്പോർട്ട്. ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ ‘ എന്ന ബി.ബി.സി ഡോക്യുമെൻ്ററിയുടെ നിരോധനവുമായി ബന്ധപ്പെട്ടതാണ് കേസ്.
ന്യൂദൽഹി: ബി.ബി.സി ഡോക്യുമെൻ്ററി വിവാദ കേസിലെ വാദം കേൾക്കുന്നത് ദൽഹി രോഹിണി കോടതി 2024 ഡിസംബർ 18ലേക്ക് മാറ്റിവെച്ചതായി റിപ്പോർട്ട്. ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ ‘ എന്ന ബി.ബി.സി ഡോക്യുമെൻ്ററിയുടെ നിരോധനവുമായി ബന്ധപ്പെട്ടതാണ് കേസ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തിൽ 2002ൽ നടന്ന കലാപത്തെ കേന്ദ്രീകരിച്ചുള്ള ബി.ബി.സി ഡോക്യുമെൻ്ററി കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. ഈ ഡോക്യുമെൻ്ററി ഇന്ത്യയെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഗുജറാത്ത് ആസ്ഥാനമായുള്ള ജസ്റ്റിസ് ഓൺ ട്രയൽ ഗ്രൂപ്പ് ബി.ബി.സിക്കെതിരെ കേസ് ഫയൽ ചെയ്യുകയായിരുന്നു. 2023 ജനുവരിയിൽ യു.കെയിലായിരുന്നു ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചത്.
പ്രക്ഷേപണം കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷം, ബി.ബി.സിയുടെ ദൽഹി ഓഫീസുകൾ ഇന്ത്യൻ ആദായനികുതി അധികാരികൾ റെയ്ഡ് ചെയ്യുകയും ഏപ്രിലിൽ വിദേശ വിനിമയ നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ബ്രോഡ്കാസ്റ്ററിനെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്യുകയായിരുന്നു.
മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിൽ നടന്ന വിഭാഗീയ അക്രമണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഡോക്യുമെൻ്ററി വിവരിക്കുന്നത്.
2023 ജനുവരി 17നാണ് ബി.ബി.സി രണ്ട് ഭാഗങ്ങളുള്ള തങ്ങളുടെ ഡോക്യുമെൻ്ററിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ആദ്യഭാഗം പുറത്തിറക്കിയത്. ഈ ഡോക്യുമെൻ്ററിയിൽ പ്രധാനമന്ത്രി മോദിയുടെ ആദ്യകാല രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് അന്വേഷിക്കുകയും 2002 ലെ ഗുജറാത്ത് കലാപത്തിൽ അദ്ദേഹത്തിൻ്റെ പങ്കാളിത്തത്തെക്കുറിച്ച് പരാമർശിക്കുകയും ചെയ്യുന്നുണ്ട്.
തുടർന്ന് 2023 ജനുവരി 21ന്, ഡോക്യുമെൻ്ററിയിലേക്കുള്ള ആക്‌സസ് പങ്കിടുന്ന ട്വീറ്റുകളും ലിങ്കുകളും തടയാൻ കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയായിരുന്നു. പിന്നാലെ ഡോക്യുമെൻ്ററി നിരോധിക്കുകയും ചെയ്‌തു.
ഡോക്യുമെൻ്ററി നിരോധിച്ചതിനെ ചോദ്യം ചെയ്ത് അഭിഭാഷകൻ മനോഹർ ലാൽ ശർമ്മ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഡോക്യുമെൻ്ററി നിരോധിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോക്യുമെൻ്ററി നിർമിച്ച നിർമാതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തെയാണ് ഈ നിരോധനം ഹനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം ഡോക്യുമെൻ്ററി കാണാൻ ആഗ്രഹിക്കുന്ന പൗരന്മാരുടെയും സ്വാതന്ത്ര്യത്തെയും ഈ നിരോധനത്തിലൂടെ സർക്കാർ ഹനിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Delhi court adjourns matter of BBC documentary on PM Narendra Modi till December 18