ന്യൂദല്‍ഹി: ദല്‍ഹി മൊത്തം ഒരു പൊലീസ് ഉദ്യോഗസ്ഥയ്ക്ക് വേണ്ടി കൈയടിക്കുകയാണ്. വര്‍ഷങ്ങളായി കാണാതായി ഇനി ഒരിക്കലും തങ്ങള്‍ക്ക് തിരികെ ലഭിക്കില്ലെന്ന് രക്ഷിതാക്കള്‍ പോലും കരുതിയ തങ്ങളുടെ മക്കളെ വീണ്ടും അവരിലേക്ക് എത്തിച്ചാണ് ദല്‍ഹിയിലെ പൊലീസ് ഉദ്യോഗസ്ഥ സീമ ദാക്ക രാജ്യത്തിന്റെ കയ്യടി നേടുന്നത്.
ഒന്നും രണ്ടും കുട്ടികളെയല്ല ഇതിനോടകം 76 കുട്ടികളെയാണ് മുന്ന് മാസത്തിനകം ഈ പൊലീസുദ്യോഗസ്ഥ കണ്ടെത്തിയത്.
പലരും അന്വേഷിച്ചിട്ട് തുമ്പുണ്ടാക്കാന്‍ കഴിയാത്ത കേസില്‍ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയതിന് സീമ ദാക്കയ്ക്ക് സ്ഥാനകയറ്റവും ലഭിച്ചു.
സീമ ദാക്കെ ഇതുവരെ കണ്ടെത്തിയ 76 കുട്ടികളില്‍ 56 പേരും പതിനാല് വയസിന് താഴെയുള്ളവരാണ്. ദല്‍ഹിയില്‍ നിന്നു മാത്രമല്ല മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പല കുട്ടികളെയും ഈ വനിതാ പൊലീസ് ഉദ്യോഗസ്ഥ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയിട്ടുണ്ട്.
പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ എത്തിയാണ് പല കുട്ടികള്‍ക്കും സീമ ദാക്ക പുതു ജീവിതം നല്‍കിയത്.
സീമ ദാക്കയെ അഭിനന്ദിച്ച് ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 2020 ആഗസ്ത് അഞ്ചിനാണ് ദല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്താന്‍ പൊലീസ് ഇന്‍സെന്റീവ് സ്‌കീം കൊണ്ടുവരുന്നത്.
കാണാതായ കുട്ടികളെ കണ്ടെത്തുന്നവര്‍ക്ക് പ്രത്യേക പ്രമോഷന്‍ നല്‍കുമെന്നും അറിയിച്ചിരുന്നു. ഇത്തരത്തില്‍ ആദ്യമായി സമയ്പൂര്‍ ബഡ്‌ലിയിലെ ഹെഡ് കോണ്‍സ്റ്റബിളായ സീമ ദാക്കയ്ക്കാണ് ഓഫ് ടേണ്‍ പ്രമോഷന്‍ ലഭിക്കുന്നതെന്ന് ദല്‍ഹി പൊലീസ് പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.
കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനായുള്ള ദല്‍ഹി പൊലീസിന്റെ പുതിയ പദ്ധതി ഇതിനോടകം നിരവധി കുട്ടികള്‍ക്കാണ് പുതുജീവിതം നല്‍കിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Delhi Cop Found 76 Missing Children, First To Be “Promoted Out Of Turn”