'ഞങ്ങളുടെ നാട്ടിലും വികസനം എത്തിക്കണം'; ദല്‍ഹി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും കൗണ്‍സിലര്‍മാരും ആം ആദ്മിയില്‍
national news
'ഞങ്ങളുടെ നാട്ടിലും വികസനം എത്തിക്കണം'; ദല്‍ഹി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും കൗണ്‍സിലര്‍മാരും ആം ആദ്മിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th December 2022, 10:07 pm

ന്യൂദല്‍ഹി: ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടിയുടെ അട്ടിമറി വിജയത്തിന് പിന്നാലെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ എ.എ.പിയില്‍ ചേര്‍ന്നു.

കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അലി മെഹ്ദി, കൗണ്‍സിലര്‍മാരായ സബില ബീഗം, നസിയ ഖാത്തൂന്‍ എന്നിവരാണ് എ.എ.പിയില്‍ ചേര്‍ന്നത്.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവരാണ് സബില ബീഗവും നസിയ ഖാത്തൂനും. ദല്‍ഹിയില്‍ വെള്ളിയാഴ്ച നടന്ന പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് മൂന്നുപേര്‍ക്കും എ.എ.പി അംഗത്വം നല്‍കിയത്.

ദല്‍ഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ് രിവാളിന്റെ പ്രവര്‍ത്തന മികവ് കണ്ടാണ് മൂന്നുപേരും പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും, ദല്‍ഹിയുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും ഞങ്ങള്‍ ക്ഷണിക്കുന്നതായും എ.എ.പി നേതാവ് ദുര്‍ഗേഷ് പതക് എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘കെജ് രിവാള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് ഞങ്ങള്‍ എ.എ.പിയില്‍ ചേരാന്‍ തീരുമാനിച്ചത്. ഞങ്ങളുടെ നാട്ടിലും വികസനം എത്തിക്കണം. കെജ് രിവാളിന്റെ നേതൃത്വത്തില്‍ എ.എ.പി പാര്‍ട്ടി രാജ്യതലസ്ഥാനം വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്’. എ.എ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ അലി മെഹ്ദി പറഞ്ഞു.

സബില ബീഗം മുസ്തഫബാദിലെ 243ാം വാര്‍ഡില്‍ നിന്നും നസിയ ഖാതൂന്‍ ബ്രജ്പൂജിയിലെ 245ാം വാര്‍ഡില്‍ നിന്നുമാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടത്.

എന്നാല്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കൂറുമാറ്റ നിരോധന നിയമം ബാധകമല്ലത്തതിനാല്‍ ഇരുവരേയും അയോഗ്യരാക്കാനും സാധിക്കില്ല.

അതേസമയം, ബി.ജെ.പിയെ പരാജയപ്പെടുത്തി ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ചരിത്ര വിജയമാണ് ആം ആദ്മി പാര്‍ട്ടി നേടിയത്. 250 സീറ്റുകളില്‍ 132 സീറ്റുകളിലും വിജയിച്ചാണ് ആം ആദ്മി പാര്‍ട്ടി ഭരണം പിടിച്ചെടുത്തത്.

ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 15 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ചാണ് ആം ആദ്മി ഭരണത്തില്‍ വരുന്നത്. 2015ല്‍ 70ല്‍ 67 സീറ്റും നേടി എ.എ.പി സംസ്ഥാന ഭരണം പിടിച്ചപ്പോഴും അതുകഴിഞ്ഞുള്ള മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പി വിജയിച്ചിരുന്നു.

Content highlight: Delhi Congress Vice President and Two Elected Councillors Joined AAP