| Wednesday, 20th May 2020, 1:29 pm

ദല്‍ഹിയില്‍ നിന്നും വരുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ ട്രെയിന്‍ ടിക്കറ്റ് തുക കോണ്‍ഗ്രസ് വഹിക്കും; ദല്‍ഹി കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രഖ്യാപനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ന്യൂദല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിനില്‍ വരുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് തുക കോണ്‍ഗ്രസ് നല്‍കുമെന്ന് ദല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അനില്‍ ചൗധരി. ടിക്കറ്റിന്റെ കോപ്പിയും തിരിച്ചറിയല്‍ രേഖയും നോര്‍ക്ക രജിസ്‌ട്രേഷന്‍ നമ്പറും അക്കൗണ്ട് നമ്പറും നല്‍കിയാല്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അക്കൗണ്ടിലേക്ക് പണം ഇട്ടു നല്‍കുമെന്നും അനില്‍ ചൗധരി പറഞ്ഞു.

ദല്‍ഹിയില്‍ നിന്ന് അതിഥി തൊഴിലാളികള്‍ക്ക് ജന്മനാടുകളിലേക്ക് മടങ്ങി പോവാന്‍ 300 ബസ്സുകള്‍ നല്‍കാമെന്ന് കോണ്‍ഗ്രസ് ദല്‍ഹി ഘടകം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറിയിച്ചിരുന്നു. ഈ ബസ്സുകളുടെ മുഴുവന്‍ ചെലവും കോണ്‍ഗ്രസ് വഹിക്കുമെന്നും അനില്‍ ചൗധരി അറിയിച്ചു.

മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ അതിഥി തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതത്തില്‍ കോണ്‍ഗ്രസ് ദു:ഖം രേഖപ്പെടുത്തി. ദല്‍ഹിയിലുണ്ടായിരുന്ന ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ അവരുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങുകയാണ്. വീടുകളിലെത്തുന്നതിന് വേണ്ടി കാല്‍നടയായി പോകേണ്ടി വരുന്നതിലും അപകടങ്ങളില്‍ മരിക്കുന്നതിലും ദു:ഖം രേഖപ്പെടുത്തുന്നുവെന്നാണ് കത്തില്‍ പറയുന്നത്.

ലോക്ഡൗണായതിനാല്‍ പ്രവര്‍ത്തിക്കാത്ത സ്‌കൂളുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഉള്ള 300 ബസ്സുകള്‍ കോണ്‍ഗ്രസ് തയ്യാറാക്കിയിട്ടുണ്ട്. ഈ ബസ്സുകള്‍ ഓടിക്കണം. ഇതിന്റെ ചെലവ് കോണ്‍ഗ്രസ് ദല്‍ഹി ഘടകം വഹിക്കുമെന്നും കത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more