ന്യൂദല്‍ഹി: ഷീലാ ദീക്ഷിതിന്റെ മരണത്തിന് ശേഷം ഒഴിവ് വന്ന ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ നിയമനം നടത്താന്‍ ഇടക്കാല കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് മേല്‍ സമ്മര്‍ദ്ദം. ശനിയാഴ്ച്ച പാര്‍ട്ടി പ്രതിനിധി സംഘം സോണിയാഗാന്ധിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നരേന്ദ്രനാഥ്, രാമകാന്ത് ഗോസ്വാമി, മംഗത്ത് റാം സിങ്കാള്‍, കിരണ്‍ വാലിയ എന്നിവരാണ് സോണിയാ ഗാന്ധിയുമായി കൂടികാഴ്ച്ച നടത്തിയത്. ഒരുമണിക്കൂര്‍ നീണ്ട കൂടികാഴ്ച്ചയായിരുന്നു.
ഇതേ കാര്യം ഉന്നയിച്ച് നേരത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ സോണിയയുമായി കൂടി കാഴ്ച്ച നടത്തിയിരുന്നു.
നവജ്യോത് സിങ് സിദ്ദുവിന്റെ പേര് നേരത്തെ പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനം ഉപേക്ഷിച്ചിരിക്കുകയാണ് സിദ്ദു. മന്ത്രി സ്ഥാനം രാജിവെച്ചതോടെ സിദ്ദു പാര്‍ട്ടി പരിപാടികളിലൊന്നും പങ്കെടുക്കാതെ മാറി നില്‍ക്കുകയാണ്.
അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നു സിദ്ദുവിനോട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
സിദ്ദു പി.സി.സി അധ്യക്ഷ പദവി ഏറ്റെടുത്തുകഴിഞ്ഞാല്‍ ദല്‍ഹിയിലെ പ്രധാന പോരാട്ടം മറ്റൊരു തലത്തിലേക്കു കൂടി നീളും. ദല്‍ഹിയില്‍ ഇപ്പോള്‍ ബി.ജെ.പിയുടെ മുഖമായി ഉയര്‍ത്തിക്കാണിക്കപ്പെടുന്നത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെയാണ്. തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തില്‍ അദ്ദേഹത്തെ ലോക്സഭയിലെത്തിക്കാനും പാര്‍ട്ടിക്കായി.