| Tuesday, 11th February 2020, 2:31 pm

'ആം ആദ്മിയും ബി.ജെ.പിയും പയറ്റിയത് ധ്രുവീകരണ രാഷ്ട്രീയം'; അക്കൗണ്ട് തുറക്കാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയും ബി.ജെ.പിയും പുറത്തെടുത്തത് ധ്രുവീകരണ രാഷ്ട്രീയമെന്ന് ദല്‍ഹി കോണ്‍ഗ്രസ് ചീഫ് സുഭാഷ് ചോപ്ര. ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി സുഭാഷ് ചോപ്ര രംഗത്തെത്തിയത്. തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും സുഭാഷ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തോല്‍വിയുടെ കാരണം പാര്‍ട്ടി കൃത്യമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2015ന് സമാനമായ കനത്ത പരാജയമാണ് കോണ്‍ഗ്രസ് ഇക്കുറിയും നേരിടുന്നത്. 2015ലെ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും കോണ്‍ഗ്രസിന് നിലമെച്ചപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 3 സീറ്റില്‍ ഒതുങ്ങിയ ബി.ജെ.പിക്ക് ഇത്തവണ സീറ്റ് മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

1998 മുതല്‍ 2013വരെയുള്ള ഷീല ദീക്ഷിത് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് ഇത്തവണയും തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയത്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെല്ലാം പാളിപ്പോയെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

ആം ആദ്മി പാര്‍ട്ടി മൂന്നാം തവണയും അധികാരത്തില്‍ വരുമെന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ അധിര്‍ രഞ്ജന്‍ ചൗധരി നേരത്തെ പ്രതികരിച്ചിരുന്നു.ഭാരതീയ ജനതാ പാര്‍ട്ടിക്കും അവരുടെ സാമുദായിക അജണ്ടയ്ക്കുമെതിരെ ആം ആദ്മി പാര്‍ട്ടി നേടിയ വിജയം പ്രധാനപ്പെട്ടത് തന്നെയാണെന്നുമായിരുന്നു അധിര്‍ രഞ്ജന്‍ ചൗധരിയുടെ പ്രതികരണം.

We use cookies to give you the best possible experience. Learn more