നിയമനടപടികള്‍ പാലിച്ചില്ലെന്ന് ആരോപണം; ദിഷയുടെ അറസ്റ്റില്‍ ദല്‍ഹി പൊലീസിന് നോട്ടീസ് അയച്ച് വനിതാ കമ്മീഷന്‍
national news
നിയമനടപടികള്‍ പാലിച്ചില്ലെന്ന് ആരോപണം; ദിഷയുടെ അറസ്റ്റില്‍ ദല്‍ഹി പൊലീസിന് നോട്ടീസ് അയച്ച് വനിതാ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th February 2021, 4:30 pm

ന്യൂദല്‍ഹി: ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തതില്‍ ദല്‍ഹി പൊലീസിന് നോട്ടീസ് അയച്ച് വനിതാ കമ്മീഷന്‍. ദല്‍ഹി വനിതാ കമ്മീഷനാണ് കേസിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ക്ക് നോട്ടീസ് അയച്ചത്.

ദിഷയെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമനടപടികള്‍ പാലിച്ചില്ലെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നോട്ടീസ് അയച്ചത്. കേസില്‍ പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിന്റെ പകര്‍പ്പും കമ്മീഷനു മുന്നില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവില്‍ നിന്ന് ദിഷയെ അറസ്റ്റ് ചെയ്യുന്ന സമയത്ത് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും അറസ്റ്റ് ചെയ്ത ശേഷം അഭിഭാഷകനെ കാണാന്‍ ദിഷയ്ക്ക് അവസരം നിഷേധിച്ചെന്നും പരാതിയുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടത്.

ഫെബ്രുവരി 19 ന് മുമ്പായി കേസിന്റെ വിശദാംശങ്ങള്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കണമെന്നും നോട്ടീസില്‍ പറയുന്നു.

ഞായറാഴ്ചയാണ് ഗ്രേറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്യുന്നത്. കേസിലെ ആദ്യ അറസ്റ്റായിരുന്നു ദിഷ രവിയുടേത്. ദല്‍ഹി പൊലീസ് ബെംഗളുരുവില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തത്.

രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ദിഷയുടെ അറസ്റ്റില്‍ രൂപപ്പെട്ടിരിക്കുന്നത്. ഒറ്റകെട്ടായി ഇന്ത്യന്‍ പൗരന്മാരെല്ലാം ദിഷയ്ക്കൊപ്പം നില്‍ക്കണമെന്ന് അവരുടെ സഹോദരി ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ദല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ രൂപം കൊണ്ടിരിക്കുന്നത്.

അതേസമയം ദിഷയുടെ അറസ്റ്റിനെ പിന്തുണച്ച് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി സി.എന്‍ അശ്വന്ത് നാരായണ്‍ രംഗത്തെത്തിയിരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഉന്മൂലനം ചെയ്യുന്ന ഇത്തരം നടപടികള്‍ ആവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എല്ലാ നിയമക്രമങ്ങളും പാലിച്ചു തന്നെയാണ് ദിഷയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് നിയമപരമാണോ അല്ലയോ എന്ന് കോടതികള്‍ക്ക് പരിശോധിക്കാം. ഇതുപോലുള്ള പ്രവര്‍ത്തികളിലേര്‍പ്പെട്ടിട്ട് രക്ഷപ്പെടാമെന്ന ധാരണ ജനങ്ങള്‍ക്ക് ഉണ്ടാകാന്‍ പാടില്ല.

അറസ്റ്റ് ചെയ്തതിനെ പിന്തുണച്ച് ഹരിയാന ബി.ജെ.പി മന്ത്രി അനില്‍ വിജും രംഗത്തെത്തിയിരുന്നു.
‘ദേശവിരുദ്ധ ചിന്ത മനസില്‍ പേറുന്ന എല്ലാവരെയും ഉന്മൂലനം ചെയ്യണം. അത് ദിഷ രവിയല്ല ആരായാലും’, എന്നായിരുന്നു അനില്‍ വിജിന്റെ പ്രതികരണം.

ദിഷ രവിയെ മുംബൈ ഭീകരാക്രണക്കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച അജ്മല്‍ കസബുമായി താരതമ്യം ചെയ്താണ് ബി.ജെ.പി എം.പിയായ പി.സി മോഹന്‍ വിമര്‍ശനം ഉന്നയിച്ചത്.

‘ബുര്‍ഹാന്‍ വാണിക്ക് 21 വയസേ ഉണ്ടായിരുന്നുള്ളൂ, അജ്മല്‍ കസബിനും 21 വയസേ ഉണ്ടായിരുന്നുള്ളൂ. വയസൊരു അക്കം മാത്രമാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. കുറ്റം കുറ്റം തന്നെയാകുന്നു,” പി.സി മോഹന്‍ പറഞ്ഞു.

ദിഷ രവിയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നതിന് പിന്നാലെയാണ് ബി.ജെ.പി എം.പിമാരുടെ വിവാദ പ്രതികരണം.

അതേസമയം ദിഷയുടെ അറസ്റ്റിനെ അപലപിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ബന്ധുവും അഭിഭാഷകയുമായ മീന ഹാരിസ്, മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത്, കോണ്‍ഗ്രസ് നേതാക്കളായ പി.ചിദംബരം, ജയറാം രമേശ് തുടങ്ങിയവര്‍ ദിഷയുടെ അറസ്റ്റിനെതിരെ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Delhi Commission for Women issues notice to Delhi Police, demands action report