ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷക്ക്
national news
ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷക്ക് "മണിപ്പൂര്‍ അതിജീവിതരെ" കാണാനുള്ള അനുമതി നിഷേധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd July 2023, 9:04 am

ന്യൂദല്‍ഹി: മണിപ്പൂരിലെ ബിരേന്‍ സിങ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍. ഞായറാഴ്ച മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ ആദ്യം അനുമതി നല്‍കിയെങ്കിലും കുകി സമുദായത്തില്‍ നിന്നുള്ള രണ്ട് സ്ത്രീകളെ കാണാനുള്ള അനുമതി സര്‍ക്കാര്‍ റദ്ദാക്കിയെന്ന് സ്വാതി മലിവാള്‍ പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു മലിവാള്‍ ഇക്കാര്യം അറിയിച്ചത്. ലൈംഗികാതിക്രമത്തെ അതിജീവിക്കുന്നവരെ കണ്ടുമുട്ടുന്നത് എന്തിന് തടസ്സപ്പെടുത്തണമെന്ന് അവര്‍ ചോദിച്ചു.

‘മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ എനിക്ക് പച്ചക്കൊടി കാട്ടിയ ശേഷം അവരിപ്പോള്‍ യു-ടേണ്‍ എടുത്തിരിക്കുകയാണ്.

അതിജീവിച്ചവരെ കാണാനും അവര്‍ക്ക് പിന്തുണ നല്‍കാനും എന്റെ ആവശ്യത്തിന് അവര്‍ അനുമതി നിഷേധിച്ചു. ഇത് ഞെട്ടിപ്പിക്കുന്നതും അസംബന്ധവുമാണ്. ലൈംഗികാതിക്രമത്തെ അതിജീവിക്കുന്നവരെ കണ്ടുമുട്ടുന്നത് എന്തിന് തടസ്സപ്പെടുത്തണം? അവരുമായി കൂടിക്കാഴ്ച നടത്താന്‍ ഞാന്‍ യാത്രാ ക്രമീകരണങ്ങള്‍ ചെയ്തു കഴിഞ്ഞിരുന്നു.

എന്തിനാണ് അവര്‍ എന്നെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത്,’ സ്വാതി മലിവാള്‍ ട്വീറ്റ് ചെയ്തു. മണിപ്പൂര്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ഒരു ഉദ്യോഗസ്ഥനില്‍ നിന്ന് ലഭിച്ച ഇമെയില്‍ പ്രതികരണവും തന്റെ ട്വീറ്റിനൊപ്പം അവര്‍ പങ്കുവെച്ചു.

അതേസമയം, മണിപ്പൂരില്‍ കുകി വനിതകളെ ബലാത്സംഗം ചെയ്ത് നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പ്രായപൂര്‍ത്തിയാകാത്തയാളാണ് അറസ്റ്റിലായതെന്നാണ് പൊലീസ് പറയുന്നത്.
ശനിയാഴ്ച ഉച്ചയ്ക്കാണ് തൗബല്‍ ജില്ലയില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ ഇതുവരെ ആകെ ആറ് പേരെ അറസ്റ്റ് ചെയ്തു. നാല് പേരെ വ്യാഴാഴ്ചയും രണ്ട് പേരെ ഇന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച അറസ്റ്റ് ചെയ്ത നാല് പേരെയും പൊലീസ് 11 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം പ്രധാന പ്രതിയായ ഹെരദോസ് മെയ്തിയുടെ വീട് ഒരു കൂട്ടം ഗ്രാമീണര്‍ കത്തിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.

Content Highlight: Delhi Commission for Women Chairperson made serious allegations against the  government in Manipur