| Saturday, 21st March 2020, 5:08 pm

'വേണ്ടി വന്നാല്‍ ദല്‍ഹി അടച്ചിടും, ആളുകള്‍ വീട്ടിലിരിക്കണം'; കൊവിഡ് പടരുന്ന സാഹചര്യത്തില്‍ കനത്ത നിര്‍ദേശവുമായി കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി ദല്‍ഹി അടച്ചിട്ടേക്കുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ആളുകളോട് രാവിലെയുള്ള വ്യായാമ നടത്തങ്ങള്‍ ഒഴിവാക്കണമെന്നും കെജ്‌രിവാള്‍ നിര്‍ദേശിച്ചു.

രാജ്യത്ത് കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് ദല്‍ഹി സര്‍ക്കാര്‍ നിര്‍ദേശവുമായി എത്തിയിരിക്കുന്നത്.

‘നിങ്ങളുടെ രാവിലെ നടത്തം ഒഴിവാക്കാന്‍ ഞാന്‍ അപേക്ഷിക്കുകയാണ്. എന്നിട്ട് കുറച്ചു സമയം വീട്ടില്‍ സുരക്ഷിതരായി ഇരിക്കൂ. നിലവില്‍ നമ്മള്‍ ഒന്നും അടച്ചു പൂട്ടിയിട്ടില്ല. നിങ്ങളുടെ നല്ലതിനും സുരക്ഷയ്ക്കും അത് ആവശ്യമായി വന്നാല്‍ സംസ്ഥാനം പൂര്‍ണമായും അടയ്ക്കും,’ കെജ്‌രിവാള്‍ പറഞ്ഞു.

സര്‍ക്കാര്‍ ദല്‍ഹിയിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷനും പ്രഖ്യാപിച്ചിട്ടുണ്ട്. 7.5 കിലോ ഭക്ഷ്യ ധാന്യങ്ങള്‍ വീതം നല്‍കാനാണ് തീരുമാനമായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം മാര്‍ച്ച് 13ന് ദല്‍ഹിയില്‍ നിന്ന് ആന്ധ്രാ പ്രദേശിലേക്ക് സമ്പര്‍ക് ക്രാന്തി ട്രെയിനില്‍ യാത്ര ചെയ്ത എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ദല്‍ഹിയില്‍ 50 ശതമാനം ബസ് സര്‍വീസുകളും വെട്ടിക്കുറച്ചിട്ടുണ്ട്. ദല്‍ഹിയില്‍ അഞ്ചു പേരില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടുന്നതും വിലക്കിയിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 98 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ദല്‍ഹിയില്‍ മാത്രം 25 പോസിറ്റീവ് കേസുകളുണ്ട്.

രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 298 ആയി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more