| Thursday, 2nd February 2023, 8:26 pm

ഈ സര്‍ക്കാരിന്റെ കാലത്ത് ഇ.ഡി 5000ലേറെ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്, എത്രപേരെ ശിക്ഷിച്ചിട്ടുണ്ട്? ഇ.ഡി ആരോപണങ്ങള്‍ തള്ളി കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിക്കും തനിക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ഇ.ഡി ഉന്നയിച്ച് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ദല്‍ഹി സര്‍ക്കാരിനെതിരെ കേന്ദ്രം ഇ.ഡിയെ ഉപയോഗിക്കുകയാണെന്നും കെജ്‌രിവാള്‍പറഞ്ഞു.

ഈ സര്‍ക്കാരിന്റെ കാലത്ത് ഇ.ഡി 5000ലേറെ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും, അതില്‍ എത്രപേരെ കുറ്റക്കാരെന്ന് കണ്ട് ശിക്ഷിച്ചിട്ടുണ്ടെന്നും കെജ്‌രിവാള്‍ ചോദിച്ചു. ഇ.ഡി കേസുകളെല്ലാം വ്യാജമാണെന്നും, തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

അഴിമതി തടയാനല്ല, സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാനും എം.എല്‍.എമാരെ വിലക്ക് വാങ്ങാനുമാണ് ഇ.ഡിയെ ഉപയോഗിക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ദല്‍ഹി മദ്യനയ കുംഭകോണത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പങ്കുണ്ടെന്നും, മദ്യനയവുമായി ബന്ധപ്പെട്ട് തെക്കേ ഇന്ത്യയിലെ മദ്യക്കമ്പനികളില്‍ നിന്ന് 100 കോടി രൂപ എ.എ.പി കൈപ്പറ്റിയെന്നും ഈ പണം ഗോവ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നുമാണ് ഇ.ഡി കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നത്.

ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കൂടാതെ മുഖ്യമന്ത്രി കെജ്‌രിവാളിനേയും കേസുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന കുറ്റപത്രമാണ് ഇ.ഡി സമര്‍പ്പിച്ചിരിക്കുന്നത്.

അഴിമതിയുമായി ബന്ധപ്പെട്ട് ദല്‍ഹി റൗസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇ.ഡിയുടെ ഗുരുതര ആരോപണങ്ങള്‍.

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകള്‍ കെ. കവിത, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പി ശ്രീനിവാസ് റെഡ്ഡി, അരബിന്ദോ ഫാര്‍മ ഉടമ ശരത് റെഡ്ഡി എന്നിവരുടെ പേരും അനുബന്ധ കുറ്റപത്രത്തിലുണ്ട്.

Content Highlight: Delhi CM Arvind Kejriwal slams ED chargesheet, says bid to topple state governments

We use cookies to give you the best possible experience. Learn more