ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അതിഷി സിങ്ങിനെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി. സിവില്‍ ലൈനിലെ ഫ്‌ളാഗ്‌സ്റ്റോഫ് റോഡിലെ ബംഗ്ലാവില്‍ നിന്ന് അതിഷിയുടെ വസ്തുവകകള്‍ നീക്കം ചെയ്ത പൊതുമരാമത്ത് അധികൃതര്‍ കെട്ടിടം സീല്‍ ചെയ്ത് പൂട്ടിയിരിക്കുകയാണ്.
എന്നാല്‍ ബി.ജെ.പിയുടെ നിര്‍ദേശപ്രകാരം ലെഫ്.ഗവര്‍ണര്‍ വി.കെ.സക്‌സേനയാണ് ഈ കുടിയൊഴിപ്പിക്കലിന് പിന്നിലെന്ന് ആംആദ്മി ആരോപിച്ചു. അതിഷിക്ക് പകരം മറ്റൊരു ബി.ജെ.പി നേതാവിന് വസതി കൈമാറാന്‍ ലെഫ്.ഗവര്‍ണര്‍ നീക്കം നടത്തുന്നതായും എ.എ.പി പ്രസ്താവനയില്‍ അറിയിച്ചു.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് അതിഷി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് താമസം മാറിയത്. ഒമ്പത് വര്‍ഷമായി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇവിടെയായിരുന്നു താമസിച്ചിരുന്നത്. അതേസമയം അതിഷിക്ക് ഇതുവരെ ബംഗ്ലാവ് അനുവദിച്ചിട്ടില്ലെന്നും അവര്‍ അനധികൃതമായി അവിടെ കയറി താമസിക്കുകയുമായിരുന്നു എന്നാണ് ലെഫ.ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് നല്‍കിയ വിശദീകരണം.
ഇക്കാരണത്താല്‍ അവര്‍ തന്നെയാണ് സ്വന്തം സാധനങ്ങള്‍ ബംഗ്ലാവില്‍ നിന്ന് നീക്കിയതെന്നും ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.
അതേസമയം നവീകരണത്തിന്റെ പേരില്‍ ബംഗ്ലാവില്‍ കോടികള്‍ ചെലവഴിച്ച് നടത്തിയ ധൂര്‍ത്ത് പുറത്ത് അറിയാതിരിക്കാനാണ് അതിഷി ഇത്ര വേഗത്തില്‍ താമസം മാറിയതെന്ന് ദല്‍ഹി ബി.ജെ.പി നേതൃത്വം പ്രതികരിച്ചു. എന്നാല്‍ 27 വര്‍ഷമായി ദല്‍ഹിയില്‍ അധികാരം ലഭിക്കാത്ത നിരാശയിലാണ് ബി.ജെ.പി ഇത്തരമൊരു നീക്കം നടത്തിയതെന്ന് ആം ആദ്മിയും തിരിച്ചടിച്ചു.
ദല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മദ്യനയക്കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് രാജി പ്രഖ്യാപിച്ചത്. കേസില്‍ ജാമ്യം ലഭിച്ചതോടെ പുറത്തിറങ്ങിയ കെജ്‌രിവാള്‍ എ.എ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് രാജി പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് പുതിയ മുഖ്യമന്ത്രിയായി അതിഷിയുടെ പേര് നിര്‍ദേശിക്കുകയും ചെയ്തു.
കെജ്‌രിവാള്‍ മന്ത്രിസഭയില്‍ ധനകാര്യം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന അതിഷി ദല്‍ഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ്. കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിതും ബി.ജെ.പിയുടെ സുഷമ സ്വരാജുമായിരുന്നു മുന്‍ വനിതാ മുഖ്യമന്ത്രിമാര്‍. രാജ്യത്തെ പതിനേഴാമത്തെ വനിതാ മുഖ്യമന്ത്രി കൂടിയാണ് അതിഷി.
എന്നാല്‍ രാജ് നിവാസില്‍ വെച്ച് കഴിഞ്ഞ മാസം 21ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അതിഷി ആദ്യ ദിവസം മുഖ്യമന്ത്രി കസേര ഒഴിച്ചിട്ട് മറ്റൊരു സീറ്റില്‍ ഇരുന്ന് ഭരണം നടത്തിയത് ഏറെ വാര്‍ത്തയായിരുന്നു.
Content Highlight: Delhi CM Atishi singh evicted from CM’s official residence