ന്യൂദല്‍ഹി: ദല്‍ഹി നിയമസഭയില്‍ വിശ്വാസ വോട്ട് തേടി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
‘ഓപ്പറേഷന്‍ താമര’യുടെ ഭാഗമായി ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ എല്ലാ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരും തനിക്കൊപ്പമാണെന്നും തെളിയിക്കാനാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് സഭയില്‍ വിശ്വാസവോട്ട് തേടിയത്.
തിങ്കളാഴ്ച നിയമസഭയുടെ പ്രത്യേക സമ്മേളനം സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുകയായിരുന്നു.
രാവിലെ 11 മണിയോടെ പ്രമേയം അവതരിപ്പിച്ചതിന് ശേഷം സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് നടത്തും.
ദല്‍ഹി നിയമസഭയില്‍ ആകെയുള്ള 70 സീറ്റുകളില്‍ 62 എണ്ണം ആം ആദ്മി പാര്‍ട്ടിക്കും എട്ടെണ്ണം ബി.ജെ.പിക്കുമാണുള്ളത്. ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ കെജ്‌രിവാളിന് 36 എം.എല്‍.എമാരുടെ മാത്രം പിന്തുണ ലഭിച്ചാല്‍ മതിയാകും.
അതേസമയം ബി.ജെ.പിക്ക് സഭയില്‍ ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ ആം ആദ്മിയില്‍ നിന്നുള്ള 28 എം.എല്‍.എമാരുടെ പിന്തുണ ലഭിക്കേണ്ടതുണ്ട്.
തന്റെ പാര്‍ട്ടിയിലെ എല്ലാ എം.എല്‍.എമാരും സത്യസന്ധരാണെന്നും മറുകണ്ടം ചാടുന്നവരല്ലെന്നും തെളിയിക്കാന്‍ വിശ്വാസ വോട്ട് തേടേണ്ടതുണ്ടെന്ന് നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു. പാര്‍ട്ടി മാറാന്‍ തന്റെ പാര്‍ട്ടിയിലെ ഓരോ എം.എല്‍.എമാര്‍ക്കും ബി.ജെ.പി 20 കോടി രൂപ വീതം വാഗ്ദാനം ചെയ്തുവെന്നും ദല്‍ഹി മുഖ്യമന്ത്രി ആരോപിച്ചു.