| Saturday, 18th May 2024, 12:52 pm

സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ പി.എ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആം ആദ്മി എം.പി സ്വാതി മാലിവാളിനെ ആക്രമിച്ചെന്ന കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പി.എ ബൈഭവ് കുമാര്‍ അറസ്റ്റില്‍.

കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ബൈഭവിനെ സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ബൈഭവിനെതിരെ കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപാമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം എന്നിവയാണ് ബൈഭവിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍. ഇതില്‍ സ്ത്രീത്വത്തെ അപാമാനിക്കല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

ശനിയാഴ്ച ഉച്ചയോടെ സ്വാതി മലിവാളിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. റിപ്പോര്‍ട്ടില്‍ സ്വാതി മലിവാളിന് പരിക്കുകള്‍ പറ്റിയതായി വ്യക്തമാക്കുന്നുണ്ട്. ഇടത് കാലിനും കണ്ണിനും കീഴ് താടിയിലും പരിക്ക് പറ്റിയിട്ടുള്ളതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം സ്വാതിയുടെ മുടന്തിയുള്ള നടത്തം അഭിനയമാണെന്ന് ദല്‍ഹി മന്ത്രി അതിഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കേന്ദ്ര ഏജന്‍സികളുടെ ഭീഷണിയാണ് സ്വാതിയെ ഈ രീതിയില്‍ പെരുമാറാന്‍ പ്രേരിപ്പിക്കുന്നതെന്നും അതിഷി ആരോപിച്ചിരുന്നു.

എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സ്വാതിയുടെ പരിക്ക് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലെ സി.സി.ടി.വികള്‍ മറച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഡി.വി.ആര്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ദല്‍ഹി പൊലീസ് വ്യക്തമാക്കി.

ബൈഭവ് പഞ്ചാബില്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ദല്‍ഹി മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്നുതന്നെ പി.എയെ അറസ്റ്റ് ചെയ്യുന്നത്. ഇത് ആം ആദ്മി പാര്‍ട്ടിയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്.

കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് ബൈഭവ് കുമാര്‍ മര്‍ദിച്ചുവെന്ന സ്വാതി മലിവാളിന്റെ പരാതിയിലാണ് ദല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത്.

Content Highlight: Arvind Kejriwal’s PA Baibhav Kumar arrested for assaulting Aam Aadmi MP Swati Maliwal

Latest Stories

We use cookies to give you the best possible experience. Learn more