| Saturday, 27th January 2024, 3:54 pm

ആം ആദ്മി സര്‍ക്കാരിനെ താഴെയിറക്കാന്‍ ഏഴ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 25 കോടി വാഗ്ദാനം ചെയ്തു; കെജ്‌രിവാൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ആം ആദ്മി സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി 25 കോടി വാഗ്‌ദാനം ചെയ്‌തെന്ന് ദൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. സർക്കാരിനെ തകർക്കാനായി ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ആം ആദ്മി പാർട്ടിയുടെ ഏഴ് എം.എൽ .എമാർക്ക് ബി.ജെ.പി 25 കോടി രൂപ വാഗ്‌ദാനം ചെയ്തെന്നും കെജ്‌രിവാൾ പറഞ്ഞു.

‘ഈ അടുത്ത് അവർ ഏഴ് എം.എൽ.എമാരെ സമീപിച്ചു. അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമെന്നും സർക്കാരിനെ തകർക്കുമെന്നും പറഞ്ഞു. 21 എം.എൽ.എമാരുമായും അവർ ചർച്ചകൾ നടത്തി. 25 കോടി രൂപയും, വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാനുള്ള അവസരവും വാഗ്‌ദാനം ചെയ്തു. സർക്കാരിനെ അട്ടിമറിക്കുമെന്ന് പറഞ്ഞു,’ അരവിന്ദ് കെജ്‌രിവാൾ എക്‌സിൽ കുറിച്ചു.

’21 എം.എൽ.എമാരെ സമീപിച്ചിട്ടുണ്ടെന്ന് അവർ അവകാശപ്പെട്ടെങ്കിലും ഞങ്ങളുടെ വിവരമനുസരിച്ച് ഏഴ് എം.എൽ.എമാരെ മാത്രമാണ് അവർ ഇതുവരെ ബന്ധപ്പെട്ടിട്ടുള്ളത്. എല്ലാവരും ബി.ജെ.പിയിൽ ചേരാൻ വിസമ്മതിച്ചു.

സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് മദ്യ നയത്തിലെ അഴിമതിയുടെ പേരിൽ തനിക്കെതിരെയുള്ള അന്വേഷണം. കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ഒരുപാട് ശ്രമങ്ങൾ ബി.ജെ.പിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.പക്ഷെ ദൈവാനുഗ്രഹവും ജനങ്ങളുടെ പിന്തുണയും ഞങ്ങൾക്കൊപ്പം ആയിരുന്നതിനാൽ ആ ശ്രമത്തിൽ അവർ പരാജയപ്പെട്ടു. ബി.ജെ.പി സൃഷ്ടിച്ച തടസ്സങ്ങൾക്കിടയിലും ഈ സർക്കാർ എങ്ങനെ പ്രവർത്തിച്ചു എന്ന് ഇവിടത്തെ ജനങ്ങൾക്കറിയാം.

ദൽഹി നിവാസികൾ ആം ആദ്മി പാർട്ടിയെ സ്നേഹിക്കുന്നു. ബി.ജെ.പിയുടെ അധികാരം ഉപയോഗിച്ച് ഞങ്ങളെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ കഴിയില്ല. അത് കൊണ്ട് അവർ ഞങ്ങളുടെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു,’ കെജ്‌രിവാൾ പറഞ്ഞു.
ദൽഹിയിൽ ബി.ജെ.പി ‘ഓപ്പറേഷൻ ലോട്ടസ് 2.0’ ആരംഭിച്ചതായി ദൽഹി മന്ത്രി അതിഷി മർലീന വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

എന്നാൽ, ഈ ആരോപണം തള്ളിയ ബി.ജെ.പി ഓഫർ ലഭിച്ച എം.എൽ.എമാരുടെയും തങ്ങളുമായി ബന്ധപ്പെട്ടവരുടെയും വിവരങ്ങൾ വെളിപ്പെടുത്താൻ എ.എ.പിയെ വെല്ലുവിളിച്ചു.

Content Highlight: Delhi CM Arvind Kejriwal’s big claims: ‘BJP offered ₹25 crore to 7 AAP MLAs to topple government

We use cookies to give you the best possible experience. Learn more