ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചു. ലെഫ്.ഗവര്‍ണര്‍ വി.കെ സക്‌സേനയുടെ ഓഫീസില്‍ എത്തിയാണ് കെജ്‌രിവാള്‍ രാജി സമര്‍പ്പിച്ചത്. കെജ്‌രിവാളിനൊപ്പം നിയുക്ത മുഖ്യമന്ത്രി അതിഷിയും രാജി സമര്‍പ്പിക്കാന്‍ എത്തിയിരുന്നു. കെജ്‌രിവാള്‍ രാജിവെച്ചതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അതിഷി സിങ് അവകാശം ഉന്നയിച്ചതായി മുതിര്‍ന്ന എ.എ.പി നേതാവ് ഗോപാല്‍ റായ് പ്രതികരിച്ചു.
ഇന്ന് രാവിലെ അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തിന് പിന്നാലെ അതിഷിയെ അടുത്ത ദല്‍ഹി മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരുന്നു. അരവിന്ദ് കെജ്‌രിവാളാണ് അതിഷിയുടെ പേര് നിര്‍ദേശിച്ചത്. ഇതോടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുന്ന മൂന്നാമത്തെ വനിതയായി അതിഷി മാറും.
കഴിഞ്ഞ ദിവസം (ഞായറാഴ്ച) അരവിന്ദ് കെജ്‌രിവാള്‍ തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു കൊണ്ടിരിക്കവെ രണ്ട് ദിവസത്തിനുള്ളില്‍ രാജി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. കോടതിയില്‍ നിന്ന് തനിക്ക് നീതി ലഭിച്ചെന്നും എന്നാല്‍ തന്റെ സത്യസന്ധത പൊതുജനങ്ങള്‍ മനസ്സിലാക്കുന്നതുവരെ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കില്ലെന്നുമാണ് കെജരിവാള്‍ പറഞ്ഞത്.
എന്നാല്‍ കെജ്‌രിവാളിന്റെ രാജി പ്രഖ്യാപനം നാടകമാണെന്നാണ് ബി.ജെ.പിയുടേയും ദല്‍ഹി കോണ്‍ഗ്രസിന്റെയും ആരോപണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പരാജയം മണത്തതുകൊണ്ട് അണിയറയ്ക്ക് പിന്നില്‍ നിന്ന് ഭരിക്കാനുള്ള കെജ്‌രിവാളിന്റെ തന്ത്രമാണ് ഇതെന്നായിരുന്നു ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പ്രതികരിച്ചത്.
ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണത്തിന്റെ ഭാഗമായി തിഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു കെജ്‌രിവാള്‍. ഒടുവില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് പുറത്തിറങ്ങിയപ്പോഴാണ് കെജ്‌രിവാള്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്.
എ.എ.പി ദേശീയ കണ്‍വീനറും മുഖ്യമന്ത്രിയുമായ കെജ്‌രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മാര്‍ച്ചില്‍ ആണ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് മൂന്ന് മാസങ്ങള്‍ക്ക് ശേഷം സിബിഐയും അറസ്റ്റ് ചെയ്തു. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ജൂലായില്‍ സുപ്രീം കോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചെങ്കിലും സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസ് കാരണം ജയിലില്‍ തന്നെ തുടരുകയായിരുന്നു.
Content Highlight: Delhi CM Arvind Kejriwal resigned