ചില ആശുപത്രികളില്‍ കുറച്ച് മണിക്കൂറിനുള്ള ഓക്‌സിജന്‍ കൂടിയേ ഉള്ളൂ, എന്തെങ്കിലും ചെയ്യണം; കേന്ദ്രത്തോട് അഭ്യര്‍ത്ഥനയുമായി അരവിന്ദ് കെജ്‌രിവാള്‍
national news
ചില ആശുപത്രികളില്‍ കുറച്ച് മണിക്കൂറിനുള്ള ഓക്‌സിജന്‍ കൂടിയേ ഉള്ളൂ, എന്തെങ്കിലും ചെയ്യണം; കേന്ദ്രത്തോട് അഭ്യര്‍ത്ഥനയുമായി അരവിന്ദ് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th April 2021, 7:09 pm

ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്തെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം അതീവ രൂക്ഷമാകുന്നതായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്രം എത്രയും വേഗം ദല്‍ഹിയിലേക്ക് ഓക്‌സിജനെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം അഭ്യര്‍ത്ഥനയുമായെത്തിയത്.

‘ദല്‍ഹിയില്‍ അതീവ ഓക്‌സിജന്‍ ക്ഷാമമുണ്ട്. ദല്‍ഹിയിലേക്ക് ഓക്‌സിജന്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുകയാണ്. ചില ആശുപത്രികളില്‍ കുറച്ച് മണിക്കൂറുകള്‍ക്കുള്ള ഓക്‌സിജന്‍ കൂടിയേ ഉള്ളു,’ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ദല്‍ഹിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വലിയ തോതിലാണ് രോഗം വ്യാപിച്ചത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 25,462 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് ചെയ്യുന്നവരില്‍ മൂന്നില്‍ ഒരാള്‍ക്ക് പോസിറ്റീവാകുന്ന നിലയിലാണ് രോഗവ്യാപന തോത്.

രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദല്‍ഹിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 26 വൈകീട്ട് വരെയാണ് ലോക്ക്ഡൗണ്‍.

അതേസമയം ഭാര്യക്ക് കൊവിഡ് പോസിറ്റീവയതിനെ തുടര്‍ന്ന് കെജ്‌രിവാള്‍ ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് കെജ്‌രിവാളിന്റെ ഭാര്യ സുനിതയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ വീട്ടില്‍ ഐസൊലേഷനിലാണ്.

രാജ്യം മുഴുവന്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 2,59,170 പുതിയ കേസുകളാണ് ചൊവ്വാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

24 മണിക്കൂറിനുള്ളില്‍ 1761 മരണങ്ങളും കൊവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 1,53,21,089 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 20,31,977 ആണ്. 1,80,530 ആളുകളാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Delhi CM Aravind Kejriwal request Centre to provide oxygen to Delhi