|

മദ്യനയക്കേസ്; അരവിന്ദ് കെജ്‌രിവാളിന് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മദ്യനയക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. ഇ.ഡി കേസിന് പിന്നാലെ സി.ബി.ഐ കേസിലും കെജ്‌രിവാളിന് ജാമ്യം അനുവദിച്ചു. സുപ്രീം കോടതിയാണ് അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. ഇന്ന് (വെള്ളി) വൈകുന്നേരത്തോടുകൂടി കെജ്‌രിവാള്‍ ജയില്‍ മോചിതനാകുമെന്നാണ് റിപ്പോര്‍ട്ട്.

ദല്‍ഹി മദ്യനയക്കേസില്‍ ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ അരവിന്ദ് കെജ്‌രിവാള്‍ തന്റെ അറസ്റ്റും ജാമ്യവും സംബന്ധിച്ച് നല്‍കിയ ഹരജിയിലാണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. സെപ്റ്റംബര്‍ അഞ്ചിന് കേസ് പരിഗണിച്ച ബെഞ്ച് ഇന്ന് വിധി പ്രസ്താവിക്കുകയായിരുന്നു.

കെജ്‌രിവാളിന്റെ ജാമ്യം നിയമപരമാണെന്നും നടപടി ക്രമങ്ങളില്‍ അപാകതകളൊന്നുമുണ്ടായിട്ടില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കെജ്‌രിവാളിന് ജാമ്യം നല്‍കാന്‍ സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഇ.ഡി കേസില്‍ ജാമ്യം അനുവദിച്ച വ്യവസ്ഥകള്‍ക്കനുസൃതമായി തന്നെ ഈ ജാമ്യത്തിനും കോര്‍ഡിനേറ്റ് ബെഞ്ചിന്റെ വ്യവസ്ഥകള്‍ ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസും സെക്രട്ടറിയേറ്റും സന്ദര്‍ശിക്കാനോ ഔദ്യോഗിക ഫയലുകളില്‍ ഒപ്പിടാനോ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കെജ്‌രിവാളിന്റെ അറസ്റ്റിനെ സംബന്ധിച്ച് രണ്ട് ജഡ്ജിമാര്‍ക്കും വ്യത്യസ്ത അഭിപ്രായമായിരുന്നു. ഇ.ഡി കേസില്‍ ജയില്‍ മോചിതനായ കെജ്‌രിവാളിനെ അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്ത സി.ബി.ഐയുടെ പ്രവര്‍ത്തി കെജ്‌രിവാളിന് ജാമ്യം ലഭിക്കുന്നത് തടയാനായിരുന്നെന്നും ജസ്റ്റിസ് ഭൂയാന്‍ ചൂണ്ടിക്കാട്ടി. 22 മാസങ്ങള്‍ക്ക് ശേഷമുള്ള സി.ബി.ഐയുടെ അറസ്റ്റാണ് കോടതി ചൂണ്ടിക്കാട്ടിയത്.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലിരിക്കെ 2024 ജൂണ്‍ 26ന് അദ്ദേഹത്തെ സി.ബി.ഐ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആഴ്ചകള്‍ക്ക് ശേഷം ജൂലൈ 12ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുപ്രീം കോടതി കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ സി.ബി.ഐ അറസ്റ്റ് ചെയ്തതിനാല്‍അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നിലവില്‍ ജാമ്യം ലഭിച്ചിരിക്കുന്നത്.

അതേസമയം നാല് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കെജ്‌രിവാളിന് ജാമ്യം ലഭിച്ചത്. ഹരിയാന തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ കെജ്‌രിവാള്‍ ഇടംപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിലവിലെ ജാമ്യം ആം ആദ്മി പാര്‍ട്ടിക്ക് ഗുണകരമാവുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

മദ്യനയക്കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയക്കും കെ. കവിതയ്ക്കും ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് ജാമ്യം ലഭിച്ച സന്ദര്‍ഭങ്ങളിലെല്ലാം ഹൈക്കോടതി കെജ്‌രിവാളിന്റെ ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.

Content Highlight:  DELHI CM ARAVIND KEJRIWAL GOT BAIL